
കേരള ബജറ്റ് 2024-25 പ്രതീക്ഷ നല്‍കുന്നത് : ഖത്തര്‍ സംസ്‌കൃതി
ദോഹ. ഒരു തരത്തിലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കേരളത്തിന്റെ മുന്നോട്ട് പോക്കിന് തടയിടാനാകില്ലെന്ന് ഉറക്കെ പറയുന്നതാണ് കേരള ബജറ്റ് 2024-25 എന്ന് ഖത്തര്‍ സംസ്‌കൃതി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോഴും ഭാവി കേരളത്തെ ലക്ഷ്യം വച്ചുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റ് വലിയ പ്രതീക്ഷകളാണ് രൂപപ്പെടുത്തുന്നത്.
തനത് വരുമാനം ഉയര്‍ത്തുന്നതിനായി ജനങ്ങളുടെ മേല്‍ അമിതഭാരം കെട്ടി വക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് പ്രശംസാര്‍ഹമാണ്. കേന്ദ്ര ബജറ്റ് പ്രവാസികള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചപ്പോള്‍, എല്ലാക്കാലവും പ്രവാസികളെ ചേര്‍ത്ത് പിടിച്ചിട്ടുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ കരുതല്‍ ഈ ബജറ്റിലും കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 143.81 കോടിയും, തിരികെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായും, പ്രവാസികള്‍ക്കായി ചികിത്സാ സഹായം, മരണാനന്തര ധനസഹായം എന്നിവയ്ക്കും, പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള സഹായങ്ങള്‍ക്കും തുടങ്ങി നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പൊതു വിദ്യാഭ്യാസത്തിന് വിശിഷ്യ ഉന്നത വിദ്യാഭ്യാസ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം പ്രവാസികളുടെ കുട്ടികള്‍ക്കും ഉന്നത പഠനത്തിന് മികച്ച അവസരങ്ങള്‍ ഒരുക്കും. പ്രവാസി മലയാളികളെ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള സ്‌പെഷ്യല്‍ ഡവലപ്പ്‌മെന്റ് സോണുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനം, പ്രവാസി നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്. മലയാളികള്‍ക്കാകെ അഭിമാനം ഏകുന്ന, അന്തസ്സുള്ള സമൂഹമാണ് നമ്മളെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന കേരള ബജറ്റിനെയും കേരള സര്‍ക്കാരിനെയും അഭിവാദ്യം ചെയ്യുന്നതായി ഖത്തര്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ എകെ അറിയിച്ചു.