ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: കെ.എം.സി.സി. ഗ്രീന്‍ ടീന്‍സ്
ദോഹ. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള മാനദണ്ഡമായ നീറ്റ് യുജി പ്രവേശന പരീക്ഷക്ക് ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എം.സി.സി. ഖത്തര്‍ വിദ്യാര്‍ത്ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് അഭിപ്രായപ്പെട്ടു. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്ന ഈ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗ്രീന്‍ ടീന്‍സ് ചൂണ്ടിക്കാണിച്ചു.
പരീക്ഷയുടെ ഒരുക്കത്തിനിടയില്‍ യാത്രമൂലം ഉണ്ടാവുന്ന സമ്മര്‍ദ്ധങ്ങളും മറ്റു അസൗകര്യങ്ങളും വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. കൂടാതെ അമിതമായ യാത്രാ ടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നുറപ്പാണ്. പ്രവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് നിഴല്‍ വീഴ്ത്തുന്ന ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാവണം എന്നും ഗ്രീന്‍ ടീന്‍സ് ആവശ്യപ്പെട്ടു.