എ എഫ് സി ഏഷ്യന്‍കപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കപ്പില്‍ മുത്തമിട്ട ഖത്തര്‍ നേടിയത് ചരിത്ര വിജയം
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ദിവസം ദോഹയില്‍ കൊടിയിറങ്ങിയ പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് നിരവധി റിക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് പൂര്‍ത്തിയായത്. ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാണികള്‍ സ്റ്റേഡിയത്തിലേക്കെത്തിയ ഏഷ്യന്‍ കപ്പായിരുന്നു ദോഹയില്‍ നടന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ലോകോത്തരങ്ങളായ 9 സ്‌റ്റേഡിയങ്ങളിലായി നടന്ന 51 മല്‍സരങ്ങള്‍ കാണാന്‍ 1509496 പേര്‍ എത്തിയതായി റിപ്പോര്‍ട്ട്. കളിയാവേശവും സംഘാടന മികവും അടയാളപ്പെടുത്തുന്ന ഈ വലിയ പങ്കാളിത്തം ഏഷ്യന്‍ കപ്പ് ചരിത്രത്തിലെ റിക്കോര്‍ഡാണ് .
ആതിഥേരും നിലവിലെം ചാമ്പ്യന്മാരുമായ ഖത്തര്‍ സ്വന്തമാക്കിയതും ചരിത്ര വിജയം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യന്‍ കപ്പ് നേടുന്നത്. രണ്ട് തവണയും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ ജയിച്ചത് എന്നതും ചരിത്രം.
2000 ലും 2004 ഉം ജപ്പാനാണ് ഈ നേട്ടം മുമ്പ് കരസ്ഥമാക്കിയത്. സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറാന്‍ എന്നിവരാണ് തുടര്‍ച്ചയായി കിരീടങ്ങള്‍ നേടിയ മറ്റ് ടീമുകള്‍.
കപ്പ് നേടിയ ഖത്തറിലെങ്ങും ആഘോഷത്തമര്‍പ്പാണ് കണ്ടത്. വിജയികളായ ടീം ലുസൈല്‍ ബൂലെവാഡിലും കോര്‍ണിലും വിജയ പരേഡ് നടത്തി. ദോഹ എക്‌സ്‌പോ 2023 ല്‍ നടന്ന ഡ്രോണ്‍ ഷോ അവിസ്മരണീയമായിരുന്നു.