ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതി ‘റോള്‍ കോള്‍ 2024’ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
ദോഹ.അഖിലേന്ത്യ നവോദയ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ഖത്തര്‍ ചാപ്റ്റര്‍ വെള്ളിയാഴ്ച്ച ഷഹാനിയ അല്‍ ഗല പാര്‍ക്കില്‍ നടത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം പങ്കാളിത്തം കൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും ശ്രദ്ദേയമായി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 40ല്‍ അധികം നവോദയയില്‍ നിന്നുള്ള 150 ഓളം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കുടുംബസമേതം പങ്കെടുത്തു.
നവോദയകാലത്തെ സ്മരണകളുയര്‍ത്തുന്ന കളികളും കലാപ്രകടനങ്ങളും അരങ്ങേറി. ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ നവോദയകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും നവോദയ സമൂഹത്തെ ഒന്നിപ്പിക്കുന്ന അതുല്യമായ ബന്ധം ആഘോഷിക്കുകയും ചെയ്തു.
ഗ്രാമീണമേഖലയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാനും അവരുടെ ഉന്നമനത്തിനു ഊന്നല്‍ നല്‍കികൊണ്ട് മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി 1986 ല്‍ തുടങ്ങിയതാണു നവോദയ വിദ്യാലയങ്ങള്‍.
മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഇന്ത്യയൊട്ടാകെ ഇന്ന് ഓരോ ജില്ലയിലും ഒന്നെന്ന രീതിയില്‍ 600ല്‍ അധികം നവോദയ വിദ്യാലയങ്ങള്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കി പോരുന്നു.
‘റോള്‍ കോള്‍ 2024’ സംഗമത്തില്‍ ഖത്തറിലെ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും കൊല്ലം നവോദയയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ വിഷ്ണു ഗോപാലിനെ ആദരിച്ചു. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ വിഷ്ണുവിന്റെ ശ്രദ്ധേയമായ നേട്ടം നവോദയന്‍ കമ്മ്യൂണിറ്റിയുടെ യശസ്സ് ഉയര്‍ത്തിയതായും ആഗോള അംഗീകാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ പരിപോഷിപ്പിച്ച വ്യക്തികളുടെ കഴിവിന് ഉദാഹരണമാണെന്നും ഖത്തര്‍ ചാപ്റ്റര്‍ അഭിപ്രായപ്പെട്ടു.