
ആഗസ്റ്റ് ഒന്നിന് മുമ്പ് ടാങ്കറുകളില്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ . മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിന് ഓഗസ്റ്റ് 1-ന് മുമ്പ് ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ട്രക്ക് ഉടമകളെ ഓര്‍മ്മിപ്പിച്ചു.
2022 ഫെബ്രുവരിയിലാണ് അഷ്ഗാല്‍ ടാങ്കറുകള്‍ക്ക് ട്രാക്കിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. മാര്‍ച്ച് 1 മുതല്‍ ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്.
ടാങ്കറുകളില്‍ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കുന്നതിന് അപേക്ഷിക്കുന്ന ടാങ്കര്‍ ഉടമകള്‍ക്ക് അഷ്ഗാല്‍ കസ്റ്റമര്‍ സര്‍വീസ്, സല്‍വ റോഡ് ബ്രാഞ്ച് വഴി ഓരോ ടാങ്കറിനും ഒരു സിം കാര്‍ഡ് നല്‍കും. സിം കാര്‍ഡ് ലഭിക്കുമ്പോള്‍, ടാങ്കര്‍ ഉടമ നല്‍കിയ ഫോമില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഡാറ്റയും പൂരിപ്പിച്ച് avltankersupport@ashghal.gov.qa എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം.
ഇ-മെയില്‍ വഴി വിവരങ്ങള്‍ നല്‍കിയാലുടന്‍ ഉപകരണം അഷ്ഗാലിലെ വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കും.
ട്രാക്കിംഗ് ഉപകരണങ്ങള്‍, ആവശ്യമായ രേഖകള്‍ അല്ലെങ്കില്‍ അപേക്ഷാ പ്രക്രിയ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://www.ashghal.gov.qa എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. 188 എന്ന നമ്പറില്‍ ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും.
്ര