പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മുന്‍ ഖത്തര്‍ പ്രവാസിയും
അമാനുല്ല വടക്കാങ്ങര
ദോഹ. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മുന്‍ ഖത്തര്‍ പ്രവാസിയും . ദീര്‍ഘ കാല ഖത്തര്‍ പ്രവാസി ആയിരുന്ന എം പീ സലീം ആണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഗ്ലോബല്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ വേണ്ടി (കിയാപ) വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനത്തിനായുള്ള ഞങ്ങളുടെ സമരത്തിന്റെ അടയാളമാണ് ഈ മത്സരം എന്ന് അദ്ദേഹം പറഞ്ഞു. പുരോഗതിക്ക് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട് – കണ്ണൂരിന്റെ ഭാവിക്ക് ഒരു വോട്ട് എന്നതായിരിക്കും മുദ്രാവാക്യം.
2023 ജൂണ്‍ മുതല്‍ ഇന്നേ വരെ വിവിധ കേരള കേന്ദ്ര മന്ത്രിമാര്‍ക്കും എം പി മാര്‍ക്കും നിവേദനങ്ങള്‍ അയക്കുകയും 2023 സെപ്തംബര് 7 നു കേന്ദ്ര പാര്‍ലമെന്ററി കാര്യ നിര്‍വാഹക സമിതിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് നേരിട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയിന്റ് ഓഫ് കോള്‍ സൗകര്യം ലഭിക്കുന്നതിന് പല വഴികളും തേടിയെങ്കിലും ഒരു അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തിലാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.
ഈ മേഖലയിലെ സാമ്പത്തിക വളര്‍ച്ച, ടൂറിസം, കണക്റ്റിവിറ്റി എന്നിവയുടെ സുപ്രധാന കേന്ദ്രമെന്ന നിലയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുക, കണ്ണൂരിലും പരിസര പ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിക്കുന്നതിനും വിമാനത്താവളത്തിന്റെ സാധ്യതകള്‍ ഊന്നിപ്പറയുക എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുക.