സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകള്‍ : എ.പി.മണികണ്ഠന്‍
ദോഹ. സ്‌നേഹ സൗഹൃദങ്ങളുടെ അടയാളപ്പെടുത്തലാണ് ഈദുകളെന്നും സമൂഹത്തില്‍ ഊഷ്മ ബന്ധങ്ങള്‍ വളര്‍ത്തുവാനും ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുവാനും ഈദാഘോഷങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണി കണ്ഠന്‍ അഭിപ്രായപ്പെട്ടു. അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റീവ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുന്നാളും നിലാവും മനോഹരമായ രണ്ട് പദങ്ങളാണെന്നും സമൂഹത്തില്‍ സന്തോഷത്തിന്റെ പൂത്തിരികത്തിക്കുന്ന ആഘോഷത്തിന് മാറ്റുകൂട്ടുന്ന സന്ദേശങ്ങളും ചിന്തകളും ഈ പ്രസിദ്ധീകരണത്തെ സവിശേഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമകാലിക ലോകത്ത് ആഘോഷങ്ങളെ മാനവിക നന്മക്കായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ന്യൂ വിഷന്‍ ബാറ്റ്മിന്റണ്‍ സ്‌പോര്‍ട്‌സ് ഫൗണ്ടര്‍ ബേനസീര്‍ മനോജും ചീഫ് കോച്ച് മനോജ് സാഹിബ് ജാനും പെരുന്നാള്‍ നിലാവിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കെബിഎഫ് പ്രസിഡണ്ട് അജി കുര്യാക്കോസ് , ഐ സിസി മുന്‍ പ്രസിഡണ്ട് പി.എന്‍.ബാബുരാജന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിത വിംഗ് അധ്യക്ഷയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വിവി.ഹംസ , ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേര്‍സ് പ്രസിഡണ്ട് ലിജി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്ളസിന്റെ പെരുന്നാള്‍ നിലാവ് ഓരോ വര്‍ഷവും പുറത്തിറക്കുന്നതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നത്.
മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദി പറഞ്ഞു.