സംസ്‌കൃതി സംഘടിപ്പിച്ച സംസ്മൃതി ശ്രദ്ധേയമായി
ദോഹ. കേരളത്തിന്റെ പൂര്‍വ്വ സ്മൃതികളെ സമഗ്രമായും സമ്പുഷ്ടമായും കോര്‍ത്തിണക്കി 150 ല്‍ പരം സംസ്‌കൃതി കലാകാരന്മാരെയും, കലാകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് അരങ്ങേറിയ സംസ്മൃതി എന്ന കലാവിഷ്‌കാരം ഖത്തറിലെ കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
ഐസിസി അശോകാ ഹാളിന്റെ അരങ്ങില്‍ കുഞ്ഞാലി മരക്കാര്‍, പഴശ്ശിരാജ , കരിന്തണ്ടന്‍ തുടങ്ങിയ പുകള്‍പെറ്റ ധീരദേശാഭിമാനികളെയും, പുന്നപ്ര വയലാര്‍, കെപിഎസി നാടകചരിത്രം തുടങ്ങിയ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, പൂതപ്പാട്ടിനെയും, മോയിന്‍ കുട്ടി വൈദ്യര്‍ അടക്കമുള്ള സാംസ്‌കാരിക അടയാളപ്പെടലുകളെയും, പ്രവാസത്തിന്റെ വേദനകളെയും, കേരളത്തിന്റെ നന്മകളെയും കരുത്തിനെയും ഒക്കെ ദൃശ്യ സമ്പന്നതയോടെ പുനരാവിഷ്‌കരിച്ചപ്പോള്‍ കേരളത്തിന്റെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും എങ്ങനെ കോറിയിടണമെന്നതിന്ന് കൃത്യമായ മാതൃകയായി സംസ്മൃതി മാറി.
രതീഷ് മാത്രാടന്‍ സംവിധാനവും, ബിജു പി.മംഗലം രചനയും, ആതിര അരുണ്‍ ലാല്‍ നൃത്തസംവിധാനവും നിര്‍വ്വഹിച്ച സംസ്മൃതിയുടെ പ്രോഗ്രാം കണ്‍വീനര്‍ പ്രതീഷും, അസ്സോസിയേറ്റ് ഡയറക്ടര്‍ തേജസും ആയിരുന്നു. രഞ്ജിത് ഗോപാലിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ടീം കലാസംവിധാനാവും മേക്കപ്പും നിര്‍വഹിച്ചു. ചൂരകൂടി കളരി സംഘം കളരി കൊറിയോഗ്രഫി നിര്‍വഹിച്ചു.
സംസ്‌കൃതി മന്‍സൂറ യൂണിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായ പൊതുചടങ്ങ് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി ജലീല്‍ എ കെ, പ്രവാസിക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, വനിതാവേദി സെക്രട്ടറി ജസിത ചിന്തുരാജ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംസ്‌കൃതി മന്‍സൂറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഫഹദ് സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം ബിജു പി മംഗലം നന്ദിയും പറഞ്ഞു.