Local News

പ്രവാസി ഗ്രന്ഥകാരന്‍ അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ പ്രകാശനം മെയ് 20 ന്


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും ഗ്രന്ഥകാരനുമായ അസീസ് മഞ്ഞിയിലിന്റെ മഞ്ഞു തുള്ളികള്‍ കവിതാ സമാഹാരത്തിന്റെ പ്രകാശനം മെയ് 20 ന് വൈകുന്നേരം 5 മണിക്ക് തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യും.

ഡോ. സലീല്‍ ഹസന്‍, പി.ടി. കുഞ്ഞാലി.സിദ്ദീഖ് വചനം,സക്കീര്‍ ഹുസൈന്‍ (തനിമ),സുലൈമാന്‍ അസ്ഹരി (തനിമ ചാവക്കാട്), അഡ്വ.ഖാലിദ് അറക്കല്‍, എ.വി.എം ഉണ്ണി, റഹ്‌മാന്‍ തിരുനെല്ലൂര്‍, സൈനുദ്ദീന്‍ ഖുറൈഷി, ഇര്‍ഫാന കല്ലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.വചനം പബ്‌ളിഷിംഗ് ഹൗസാണ് പ്രസാധകര്‍.

മഞ്ഞിയിലിന്റെ കാവ്യലോകം കൂടുതല്‍ ആസ്വാദ്യകരമാകുന്നത് അത് അനുഭവ തീക്ഷണതയുടെ ആവിഷ്‌കാരമായത് കൊണ്ടാണ്.കവിയുടെ സഹജമായ ജീവിത പരിസരവും സാമൂഹിക അന്തരീക്ഷവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ അത് അരാഷ്ട്രീയമാവുക അസാധ്യം തന്നെയാവും.വായനയേയും എഴുത്തിനേയും അഗാധമായി പ്രണയിച്ച് അതില്‍ അടവെച്ച് വിരിയിച്ച ഈ കവിതകള്‍ക്കൊക്കെയും അത് കൊണ്ട് തന്നെ ഒരു പ്രത്യേക ചാരുതയുണ്ടെന്നാണ് പ്രസാധകരായ വചനം പബ്‌ളിഷിംഗ് ഡയറക്ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ മുഖവചനത്തില്‍ കുറിച്ചത്. ഈ കൃതിയിലെ അറുപതോളം വരുന്ന കവിതകളും അത്യന്തം വായനക്ഷമമാണ്.

കവിതകള്‍ക്ക് രേഖാചിത്രം വരച്ച് ആശയത്തെ കൂടുതല്‍ വെടിപ്പാക്കിയത് ചിത്രകാരന്‍ നൗഷാദ് വെള്ളലശ്ശേരിയാണ്.നിരൂപകന്‍ പി.ടി. കുഞ്ഞാലിന്റെ പ്രൗഢമായ അവതാരികയും എം. ഇല്യാസിന്റെ ആകര്‍ഷകമായ ലേ ഔട്ടും പുസ്തകം കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!