ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറിന് ചാമ്പ്യന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ ഡിപ്ലോമസി’ അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറിന് മെഡിറ്ററേനിയന്‍ പാര്‍ലമെന്ററി അസംബ്ലിയുടെ ചാമ്പ്യന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ ഡിപ്ലോമസി’ അവാര്‍ഡ്.
ഖത്തറി നയതന്ത്രത്തിനും അതിന്റെ ഫലപ്രദമായ റോളുകള്‍ക്കും, പ്രത്യേകിച്ച് മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ അഭിനന്ദനത്തിന്റെ തെളിവാണ് ഈ അംഗീകാരം.
ബുധനാഴ്ച പോര്‍ച്ചുഗീസ് നഗരമായ ബ്രാഗയില്‍ ബ്രാഗ റിക്കാര്‍ഡോ റിയോ മേയറുടെ സാന്നിധ്യത്തില്‍ പിഎഎം പ്രസിഡന്റ് ഈനാം മയാരയാണ് പുരസ്‌കാരം സമ്മാനിച്ചത്.
സമാധാനം കൈവരിക്കാനുള്ള ഖത്തറിന്റെ മാനുഷിക ശ്രമങ്ങള്‍ക്കും മാനുഷികവും ദുരിതാശ്വാസ സഹായവും എത്തിക്കുന്നതിലും സജീവമായ നയതന്ത്രം എന്നിവക്കുമുള്ള അംഗീകാരമാണിത്. ഗാസ മുനമ്പിലെ ആക്രമണം തടയാനുള്ള ഖത്തറിന്റെ മധ്യസ്ഥത, അഫ്ഗാനിസ്ഥാനില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും അടിത്തറ പാകുന്നതില്‍ ഖത്തര്‍ വഹിച്ച സുപ്രധാന പങ്ക്, റഷ്യയും ഉക്രെയ്നും തമ്മില്‍ യുദ്ധത്താല്‍ വേര്‍പിരിഞ്ഞതിന് ശേഷം കുട്ടികളെ വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള മധ്യസ്ഥത തുടങ്ങി ഖത്തര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും അവാര്‍ഡിന് പരിഗണിച്ച പ്രധാന ഘടകങ്ങളാണ്.
ആഗോള സമാധാനവും സമൃദ്ധിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, മാനുഷിക, മറ്റ് വികസന ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അസാധാരണമായ ശ്രമങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ‘ചാമ്പ്യന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ ഡിപ്ലോമസി’ അവാര്‍ഡ് വര്‍ഷം തോറും നല്‍കുന്നത്.