മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് പ്രൗഢ ഗംഭീര തുടക്കം
ദോഹ : ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ സ്‌നേഹ സൗഹൃദ കൂട്ടായ്മയായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍- ഖത്തര്‍ (മെജസ്റ്റിക് – മലപ്പുറം ) ന് പ്രൗഢ ഗംഭീര സമാരംഭമായി . ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഔദ്യോഗികമായി സംഘടനയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു . കേരളത്തിലെ മനോഹരമായ ജില്ലയായ മലപ്പുറം ജില്ലക്കാര്‍ക്ക് ഒരുമിക്കാനുള്ള സ്നേഹ സൗഹൃദ വേദിക്ക് ഖത്തറില്‍ തുടക്കം കുറിക്കുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു . സംഘടനക്ക് എല്ലാ വിധ ആശംസകളും നേര്‍ന്ന അദ്ദേഹം ഈ ആശയത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു.
സംഘടനയുടെ അംഗത്വ കാര്‍ഡും അംബാസിഡര്‍ പ്രകാശനം ചെയ്തു . മെജസ്റ്റിക് ചെയര്‍മാന്‍ അഷ്റഫ് ചിറക്കല്‍ ആദ്യ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഏറ്റു വാങ്ങി.
മെജസ്റ്റിക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നെത്തിയ മുസ്ലിം ലീഗ് നേതാവും നിയമസഭാ സാമാജികനുമായിരുന്ന കെ എന്‍ എ ഖാദര്‍ , സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിയമസഭാ സാമാജികനുമായിരുന്ന എം സ്വരാജ് , കെ പി സി സി ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് , കവിയും സാഹിത്യകാരനുമായ ആലംങ്കോട് ലീല കൃഷ്ണന്‍ എന്നിവര്‍ക്ക് ഭാരവാഹികള്‍ മൊമെന്റോ കൈമാറി .
മെജസ്റ്റിക് – മലപ്പുറം പ്രസിഡണ്ട് നിഹാദ് അലി അധ്യക്ഷത വഹിച്ചു . സംഘാടക സമിതി ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ , ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ , ഐസിസി സെക്രട്ടറി അബ്രഹാം ജോസഫ് , കെ എം സി സി ജില്ല പ്രസിഡന്റ് സവാദ് വെളിയംങ്കോട് , ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ , പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ , മെജസ്റ്റിക് ഭാരവാഹികളായ റിയാസ് അഹമ്മദ് , സന്ദീപ് പുത്തന്‍വീട്ടില്‍ , മുനീഷ് എ സി , സല്‍മാന്‍ മടത്തില്‍ , സജ്ന സാക്കി , ശീതള്‍ പ്രശാന്ത് , ഷാഫി പാറക്കല്‍ , ഇസ്മായില്‍ കുറുമ്പടി എന്നിവര്‍ സന്നിഹിതരായിരുന്നു .
ശേഷം പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന പ്രോജക്ട് മലബാരിക്കസ് ബാന്‍ഡിന്റെ കലാസന്ധ്യ അരങ്ങേറി . ആയിരത്തഞ്ഞൂറില്‍ പരം പേരുടെ സദസ്സിന് മുന്നില്‍ നിറഞ്ഞ കൈയടികളോടെ പാടിത്തിമിര്‍ത്ത കലാസന്ധ്യ മെഗാ ലോഞ്ചിന് മിഴിവേകി .
ദോഹയിലെ പ്രഗത്ഭരായ കലാപ്രതിഭകളുടെ നേതൃത്വത്തില്‍ ലോഞ്ചിന് മുന്നോടി ആയി വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും നടന്നു .
മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍വീട്ടില്‍ സ്വാഗതവും ജിതിന്‍ ചക്കൂത്ത് നന്ദിയും പറഞ്ഞു .