ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കി ഖത്തര്‍

അമാനുല്ല വടക്കാങ്ങര
ദോഹ. പാരിസ്ഥിക സംരക്ഷണത്തിനും ഊര്‍ജോപയോഗം ലഘൂകരിക്കുന്നതിനുമായി രാജ്യത്തെ പ്രഥമ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കി ഖത്തര്‍. ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച ദോഹയില്‍ നടന്ന ചടങ്ങില്‍ ഇക്കോട്രാന്‍സിറ്റ് കമ്പനിയാണ് ഖത്തറിന്റെ എക്സ്‌ക്ലൂസീവ് ബൗദ്ധിക സ്വത്തവകാശത്തിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പുറത്തിറക്കിയത്.
പരിപാടിയില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി, സഹമന്ത്രിയും ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സെയ്ദ്, ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി, കഹ്റാമ പ്രസിഡന്റ് എഞ്ചിനീയര്‍ ഈസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരി, അഷ്ഗാല്‍ പ്രസിഡന്റ് ഡോ. സഅദ് അഹമ്മദ് അല്‍ മുഹന്നദി, സര്‍ക്കാര്‍ പ്രതിനിധികള്‍, ഓട്ടോമോട്ടീവ് ഏജന്‍സികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ മുതലായവര്‍ സംബന്ധിച്ചു.
ഖത്തറിന് വേണ്ടി ഈ നൂതന വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ഈ ശ്രദ്ധേയമായ സംരംഭം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച
ഇക്കോട്രാന്‍സിറ്റ് ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. പരിസ്ഥിതി ബോധമുള്ള വാഹനങ്ങള്‍ സമന്വയിപ്പിച്ച് സമകാലീന രൂപകല്‍പ്പനയും മികച്ച സവിശേഷതകളും വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ക്ക് അനുയോജ്യമായ പ്രായോഗിക മോഡലുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ ബുദ്ധിപരമായ ചലനാത്മകതയുടെ മേഖലയെ പുനര്‍നിര്‍വചിക്കുക എന്നതാണ് ഞങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം. നമ്മുടെ പരിസ്ഥിതിയെ സേവിക്കുന്നതിനും ഭാവിതലമുറയുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി രൂപപ്പെടുത്തുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’പൊതുഗതാഗതത്തെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സംവിധാനമാക്കി മാറ്റുന്നതില്‍ ഖത്തറിന്റെ സമര്‍പ്പിത ശ്രദ്ധ ഞങ്ങളുടെ കമ്പനിയെ ഖത്തരി വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായിരുന്നുവെന്ന് ചെയര്‍മാന്‍ പറഞ്ഞു