”ടേണ്‍ യുവര്‍ ഇ വേസ്റ്റ് ടു വെല്‍നെസ്സ്” ചലഞ്ച് ശ്രദ്ധേയമായി
ദോഹ. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ”ടേണ്‍ യുവര്‍ ഇ വേസ്റ്റ് ടു വെല്‍നെസ്സ്” ചലഞ്ച് ശ്രദ്ധേയമായി.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍, വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നടത്തിയ ഇ-മാലിന്യ ശേഖരണവും ബോധവത്കരണ പരിപാടിയും വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററില്‍ വെച്ചു നടന്നു. ഈ ദൗത്യത്തില്‍ ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്, ഫണ്‍ ഡേ ക്ലബ്, നടുമുറ്റം ഖത്തര്‍, റേഡിയോ സുനോ എന്നിവര്‍ പങ്കാളികളായി. ജനുവരി 2024 ഇല് വെല്‍കിന്‍സ് മെഡിക്കല്‍ സെന്റര്‍ തുടങ്ങിവെച്ച ഈ ക്യാമ്പയിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്തമാക്കിയിട്ടുള്ളതാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശേഖരിച്ച ഇ-മാലിന്യം രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ വെച്ചു വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററിനും അതുവഴി റീസൈക്ലിങ്ങിനായ് സീഷോര്‍ കമ്പനിക്കും കൈമാറി.
10 മണിയോടെ ആരംഭിച്ച ബോധവല്‍ക്കരണ സദസ്സില്‍ ഫണ്‍ ഡേ ക്ലബ് പ്രസിഡന്റ് മഞ്ജു അവതാരകയായി. ഷിജു ആര് കാനായി പരസ്ഥിതി ദിന വിഷയത്തെ അധികരിച്ചു ആമുഖ പ്രഭാഷണം നടത്തി. ഫിന്‍ഖ് പ്രസിഡന്റ് ബിജോയ് ചാക്കോ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉത്ഘാടനം എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍ നിര്‍വഹിച്ചു.
ഐസിബിഎഫ് ജനറല്‍ സെക്രെട്ടറി കെ വി ബോബന്, വിത്ത് വിതരണ കര്‍മം ഔപചാരികമായി നിര്‍വഹിക്കുകയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അന്ന സജിന്‍, സജ്ന സാക്കി, ഷീജ എല്‍ദോ സംസാരിച്ചു.
ഡോ:റെജില്‍, വിഷ്ണു എന്നിവര്‍ വെല്‍കിന്‍സ് ഹോസ്പിറ്റല്‍ സീഷോര്‍ കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ റീ സൈക്ലിങ് പ്രക്രിയയെപറ്റി വിശദീകരിച്ചു. പരിപാടിയില്‍ സഹകരിച്ച വിവിധ സംഘടനകളെയും വെല്‍കിന്‍ മെഡിക്കല്‍ സെന്ററിനെയും ഫിന്‍ഖ് ഉപഹാരം നല്കി ആദരിച്ചു. ഐസിസി മുന്‍ പ്രസിഡണ്ട് പി ന് ബാബുരാജന് ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെന്സന് സ്വാഗതവും ജനറല്‍ സെക്രട്ടറി നിഷ സലാം നന്ദിയും പറഞ്ഞു.