‘റാഗിംഗും ലഹരി ഉപഭോഗവും’ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണം: നാസര്‍ തിരൂര്‍ക്കാട്
തേഞ്ഞിപ്പലം .റാഗിംഗും ലഹരി ഉപഭോഗവും വിദ്യാര്‍ഥികളെ നശിപ്പിക്കുമെന്നും സമൂഹം ജാഗ്രത പാലിക്കണമെന്നും കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസര്‍ തിരൂര്‍ക്കാട് അഭിപ്രായപ്പെട്ടു. ആന്റി റാഗിംഗ് വാരത്തോടനുബന്ധിച്ച് കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുകടക്കുന്ന റാഗിംഗും വിവിധ തരം ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗവും പല കാമ്പസുകളിലും വെല്ലുവിളി ഉര്‍ത്തുകയാണ്. പ്രബുദ്ധരായ വിദ്യാര്‍ഥികള്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക മാത്രമല്ല കൂട്ടുകാരെ ബോധവല്‍ക്കരിക്കാനും നന്മയുടെ വഴിക്ക് നയിക്കുവാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ക്രമസമാധാന നില ഉറപ്പുവരുത്തുന്ന പോലീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിന്റെ വളര്‍ച്ചാവികാസത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.
അറബി വകുപ്പ് മേധാവി പ്രൊഫസര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. അലി നൗഫല്‍, ഡോ. പിടി.സൈനുദ്ധീന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി.പി.മുനീര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.
അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ. അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു.