അറബി ഭാഷ അറിയുന്നവര്‍ക്ക് ബിസിനസ് കണ്‍സല്‍ട്ടിംഗ് രംഗത്ത് വന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
തേഞ്ഞിപ്പലം. ബിസിനസ് രംഗത്ത് മെന മേഖലയുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിച്ചുവരുന്നതിനാല്‍ അറബി ഭാഷ അറിയുന്നവര്‍ക്ക് ബിസിനസ് കണ്‍സല്‍ട്ടിംഗ്
രംഗത്ത് സാധ്യതയേറെയാണെന്നും അവ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്നും പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയായ ഇ വൈ ജിഡിഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പുമായി ചേര്‍ന്ന് നടത്തിയ ഓറിയന്റേഷന്‍ പ്രോഗ്രാമിനോടനുബന്ധിച്ച് ഇന്റര്‍നാഷണല്‍ മലയാളിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലൊക്കെ സ്വദേശിവല്‍ക്കരണം ശക്തമാകുന്ന സമകാലിക ലോകത്ത് അറബി ഭാഷക്ക് ബിസിനസ് രംഗത്ത് അനന്ത സാധ്യതകളുണ്ട്. സമര്‍ഥരായവര്‍ക്ക് കേവലം വിവര്‍ത്തകരോ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍മാരോ മാത്രമായി ചുരുങ്ങാതെ ബിസിനസിന്റെ വിവിധ തലങ്ങളിലുള്ള കണ്‍സല്‍ട്ടിംഗ് രംഗത്ത് തിളങ്ങാനാകും. രണ്ട് ദിവസമായി യൂണിവേര്‍സിറ്റി അറബി വകുപ്പില്‍ നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുകളും വ്യക്തിഗത അഭിമുഖങ്ങളും പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്നും ഈ സഹകരണം തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേറ്റ് ഡയറക്ടര്‍ കണ്‍സല്‍ട്ടിംഗ് ബിജോയ് മുരളി, അസോസിയേറ്റ് ഡയറക്ടര്‍ ബിസിനസ് കണ്‍സല്‍ട്ടിംഗ് നിസാമുദ്ധീന്‍ പി.എസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടിംഗ് സീഷാന്‍ അബൂബക്കര്‍, അറബി ഭാഷ അസിസ്റ്റന്റ് മമാനേജര്‍ അര്‍ഷാദ് അഹ്‌മദ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
തൊഴിലില്ലായ്മ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്ന കാലത്ത് പഠിതാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് മള്‍ട്ടി നാഷണല്‍ കമ്പനിയായ ഇ വൈ ജിഡിഎസ് കമ്പനിയുടെ ഈ സമീപനം.
കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പില്‍ നടന്ന ഓറിയന്റേഷന്‍ പരിപാടി മലയാള വിഭാഗം മേധാവി പ്രൊഫസര്‍ ഡോ.ആര്‍.വി.എം. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ കാലത്ത് അന്താരാഷ്ട്ര ഭാഷയായ അറബിക്ക് വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് യൂണിവേര്‍സിറ്റി ഭാഷ ഡീന്‍ പ്രൊഫസര്‍ മൊയ്തീന്‍ കുട്ടി എബി, അറബി വകുപ്പ് മേധാവി പ്രൊഫസര്‍ അബ്ദുല്‍ മജീദ് എഇ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അബ്ദുല്‍ മുനീര്‍ ജി.പി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.