കുവാഖ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, ആസ്റ്റര്‍ ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ ഹെല്‍ത്ത് കയറിന്റെ സി റിംങ്ങ് റോഡ് ക്ലിനിക്കില്‍ വെച്ച് നടന്ന ഈ ക്യാമ്പ്, വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 12 വരെ നീണ്ടുനിന്നു.
ക്യാമ്പിന്റെ ഭാഗമായി, ജീവിതശൈലി രോഗങ്ങളും മാനസിക സമ്മര്‍ദ്ദവും സംബന്ധിച്ച ബോധവത്കരണ ക്ലാസുകളും ഉള്‍പ്പെടുത്തിയിരുന്നു. ആസ്റ്റര്‍ ക്ലിനിക്കിലെ പ്രമുഖ ഡോക്ടര്‍മാരായ ഡോ. റാനിയാ റിനാസ്, ഡോ. തൃഷാ റേച്ചല്‍ ജേക്കബ് എന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്.
കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ. എം. സുധീര്‍ മുഖ്യാതിഥിയായി. ഫാര്‍മ കെയര്‍ എം.ഡി. നൗഫല്‍, ആസ്റ്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മനാല്‍ കുലത്ത്, കുവാഖ് ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, മുന്‍ ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, വെല്‍ഫെയര്‍ സെക്രട്ടറി അമിത്ത് രാമകൃഷ്ണന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പ്രതീഷ് എം.വി, ട്രഷറര്‍ ആനന്ദജന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു..
പ്രവാസി സമൂഹത്തില്‍ ആരോഗ്യാവബോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ ക്യാമ്പ്, പങ്കെടുത്തവരില്‍ നിന്ന് മികച്ച പ്രതികരണം നേടിയതോടൊപ്പം, ജീവിതശൈലി രോഗങ്ങളുടെയും മാനസിക സമ്മര്‍ദ്ദങ്ങളുടെയും ഗൗരവത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ക്കും ഇടയാക്കി.