സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ഐ.സി.ബി.എഫ്
ദോഹ. ഐ.സി. ബി.എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെയും, സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിന്റെയും ഭാഗമായി, സ്ത്രീകള്‍ക്ക് മാത്രമായി സംഘടിപ്പിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ ഗാര്‍ഹിക ജീവനക്കാരായ നൂറോളം പേര്‍ അടക്കം ഏതാണ്ട് 320 ഓളം വനിതകള്‍ രജിസ്റ്റര്‍ ചെയ്തു.
ദോഹ സി റിംഗ് റോഡിലെ റിയാദ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യന്‍ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ശ്രീ. സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ ഏറ്റവും ആവശ്യമായവര്‍ക്ക് സൗകര്യങ്ങള്‍ എത്തിക്കുന്ന ഐ.സി.ബി.എഫിന്റെയും റിയാദ മെഡിക്കല്‍ സെന്ററിന്റെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാനും സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ സംസാരിച്ച റിയാദ മെസിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ഇത്തരമൊരു സംരംഭത്തിന് ഐ.സി.ബി.എഫുമായി സഹകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചു.
ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്ററുമായ ടി കെ മുഹമ്മദ് കുഞ്ഞി ചടങ്ങുകള്‍ ഏകോപിപ്പിച്ചു. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത് സ്വാഗതവും, സെറീനാ അഹദ് നന്ദിയും പറഞ്ഞു.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഇ.എന്‍.ടി, ഡെന്റല്‍ കെയര്‍, ബ്രെസ്റ്റ് സ്‌ക്രീനിംഗ്, ഫിസിയോതെറാപ്പി തുടങ്ങി വിവിധ മേഖലകളില്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും സേവനം ലഭ്യമായിരുന്നു. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍, നേത്ര പരിശോധന എന്നിവ ഉള്‍പ്പെടെ ലബോറട്ടറി പരിശോധനകളും, കൂടാതെ ആവശ്യമായ മരുന്നുകളും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ ഗൗഡ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി എന്നിവരെക്കൂടാതെ റിയാദ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ജീവനക്കാരും, കമ്മ്യൂണിറ്റി വോളന്റിയര്‍മാരും ക്യാമ്പിന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു. റിയാദാ മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്മി നയിച്ച സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ്സും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.