Local News

മിലിപ്പോള്‍ ഖത്തറിന്റെ പതിനഞ്ചാമത് എഡിഷന് നാളെ ദോഹയില്‍ തുടക്കമാകും

ദോഹ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ആഭ്യന്തര സുരക്ഷയ്ക്കുള്ള ആഗോള പ്രദര്‍ശനമായ ‘മിലിപോള്‍ ഖത്തറിന്റെ’ 15-ാമത് എഡിഷന്‍ ഒക്ടോബര്‍ 29 ചൊവ്വാഴ്ച ആരംഭിക്കും. ലോകമെമ്പാടുമുള്ള മുതിര്‍ന്ന സുരക്ഷാ നേതാക്കള്‍, വിദഗ്ധര്‍, സ്‌പെഷ്യലിസ്റ്റുകള്‍,ആഭ്യന്തര സുരക്ഷയില്‍ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ ആഗോള കമ്പനികള്‍ എന്നിവരോടൊപ്പം സൗഹൃദ, സഖ്യ രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് മിലിപോള്‍ ഖത്തര്‍ കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തില്‍ മിലിപോള്‍ ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി വിശദീകരിച്ചു, സാങ്കേതിക കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന, സുരക്ഷാ സേവനത്തില്‍ സാങ്കേതികവിദ്യ എന്ന പ്രമേയത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ പതിപ്പ് സംഘടിപ്പിക്കുന്നത്. ഇന്നത്തെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികള്‍, ഖത്തര്‍ ദേശീയ ദര്‍ശനം 2030-നൊപ്പം രാജ്യത്തിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയും മിലിപ്പോളിന്റെ ഭാഗമാണ്.

മിലിപോള്‍ ഖത്തര്‍ കമ്മിറ്റി ഫ്രഞ്ച് കമ്പനിയായ കോമെക്സ്പോസിയവുമായി ചേര്‍ന്ന് ഏറെ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും ി സുരക്ഷയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുന്ന ഒരു സമഗ്രമായ പരിപാടി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ സുരക്ഷ, സിവില്‍ ഡിഫന്‍സ്, എയര്‍പോര്‍ട്ട്, ബോര്‍ഡര്‍ സെക്യൂരിറ്റി തുടങ്ങിയ വിവിധ സുരക്ഷാ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും ഈ പതിപ്പില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 15 അവതരണങ്ങളും മൂന്ന് ദിവസത്തെ ഇവന്റില്‍ ഉള്‍പ്പെടും.

ആറ് പ്രധാന അന്താരാഷ്ട്ര പവലിയനുകള്‍ക്കൊപ്പം ആഭ്യന്തര സുരക്ഷയില്‍ വൈദഗ്ധ്യമുള്ള 250-ലധികം അന്താരാഷ്ട്ര, ദേശീയ കമ്പനികളും അണിനിരക്കുന്ന ഈ ആഗോള ഇവന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ സ്ഥിരീകരിച്ചു. 23,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് എക്സിബിഷന്‍ നടക്കുക.

എക്‌സിബിഷന്റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്ന 350-ലധികം ഔദ്യോഗിക പ്രതിനിധികളുടെ റെക്കോര്‍ഡ് ഹാജര്‍ ഈ പതിപ്പില്‍ ഉണ്ടാകുമെന്ന് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് അല്‍ താനി അഭിപ്രായപ്പെട്ടു. ഉന്നതതല പ്രതിനിധികള്‍, സൈനിക, സുരക്ഷാ നേതാക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താനും കമ്പനികളുമായുള്ള കരാറുകള്‍ സുഗമമാക്കാനും ഇവന്റ് അവസരമൊരുക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി എന്ന തലക്കെട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംബന്ധിച്ച അസാധാരണമായ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര്‍ 29, 30 തീയതികളില്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!