വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ഖ്വിഫ് സൂപ്പര്‍ കപ്പ് : ടി.ജെ.എസ്.വി തൃശൂരും ദിവ കാസര്‍ക്കോടും അടുത്ത റൗണ്ടിലേക്ക്
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖിഫ് സൂപ്പര്‍ കപ്പ് 2024 ന്റെ മൂന്നാം വാരത്തില്‍ വ്യാഴാഴ്ച നടന്ന ആദ്യ കളിയില്‍ വയനാട് കൂട്ടത്തെ തോല്‍പ്പിച്ച ടി.ജെ.എസ്.വി തൃശൂരും കുവാക് കണ്ണൂരിനെ തോല്‍പിച്ച ദിവ കാസര്‍ക്കോടും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
ദോഹ സ്‌റ്റേഡിയത്തിലെ നിറഞ്ഞ വേദിയില്‍ നടന്ന ആദ്യ മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ തന്നെ തൃശൂരിന്റെ പത്തൊമ്പതാം നമ്പര്‍ താരം സഞ്ജയ് വയനാട് കൂട്ടത്തിന്റെ വല കുലുക്കിയതോടെ കളിക്ക് ആവേശമേറി. ഇരുപതാം മിനുട്ടിലും മുപ്പത്തി ഒന്നാം മിനിട്ടിലും ഗോള്‍ നേടിയ മൗസിഫ് തൃശൂരിന്റെ ജയമുറപ്പിച്ചു.
രണ്ടാം പകുതിയില്‍ വയനാട് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചെങ്കിലും 66 മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കിക്കൊണ്ട് മൗസിഫിലൂടെ തന്നെ നാലാം ഗോളും നേടി തൃശ്ശൂര്‍ മുന്നിലെത്തി. കളിയില്‍ ഹാട്രിക് നേടിയ മൗസിഫ് തന്നെയാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.
വ്യാഴാഴ്ച നടന്ന രണ്ടാമത്തെ കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കുവാക് കണ്ണൂരിനെ തോല്‍പിച്ചാണ് ദിവാ കാസറഗോഡ് അടുത്ത റൗണ്ടില്‍ സ്ഥാനമുറപ്പിച്ചത്.
30 ആം മിനുട്ടിലും 46 ആം മിനുട്ടിലും 21ആം നമ്പര്‍ താരം മുസ്തഫയാണ് ദിവക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിലും കുവാക് നന്നായി പൊരുതിയെങ്കിലും ഒരു ഗോള്‍ മാത്രമേ അവര്‍ക്ക് തിരിച്ചടിക്കാന്‍ കഴിഞ്ഞുള്ളൂ.
കളിയുടെ ഇഞ്ചുറി ടൈമില്‍ കുവാക്കിന്റെ 21 ആം നമ്പര്‍ താരം നവാഫ് ആണ് കുവാക്കിന് വേണ്ടി ഗോള്‍ നേടിയത്.