ഗായത്രി കരുണാകര്‍ മേനോന് ഗ്രാമി നോമിനേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മലയാളിയായ ഗായത്രി കരുണാകര്‍ മേനോന്‍ 2025-ലെ ഗ്രാമി അവാര്‍ഡിന് ഗാനരചയിതാവ്/സംവിധായകയായി നോമിനേറ്റ് ചെയ്യപ്പെട്ടു. സെഡിന്റെ (ആന്റണ്‍ സസ്ലാവ്‌സ്‌കി) 2024-ലെ ആല്‍ബമായ ‘ടെലോസ്’ എന്ന ആല്‍ബത്തിലെ സഹകരിച്ചുള്ള സൃഷ്ടികള്‍ പരിഗണിച്ച് ബെസ്റ്റ് ഡാന്‍സ്-ഇലക്ട്രോണിക് ആല്‍ബം വിഭാഗത്തിലാണ് നാമനിര്‍ദേശം ലഭിച്ചത്.
ഖത്തറിലെ കലാ സാംസ്‌കാരിക രംഗങ്ങളിലെ സജീവ ദമ്പതികളായ കരുണാകരന്‍ മേനോന്റേയും ബിന്ദു കരുണിന്റേയും മകളാണ്.
ഫെബ്രുവരി 2 ന് ലോസ് ഏഞ്ചല്‍സിലെ ക്രിപ്‌റ്റോ ഡോട്ട് കോം അരീനയില്‍ തത്സമയം നടക്കുന്ന 67-ാമത് ഗ്രാമി അവാര്‍ഡില്‍ ‘ആല്‍ബം ഓഫ് ദ ഇയര്‍’ എന്നതിനായി മത്സരിക്കുന്ന അഞ്ച് സൃഷ്ടികളില്‍ ഒന്നാണ് ടെലോസ്.
ബ്രൂക്ലിന്‍ ആസ്ഥാനമായുള്ള ഗായത്രി ആഗോള സംഗീത ആല്‍ബം വിഭാഗത്തില്‍ ബെര്‍ക്ലീ ഇന്ത്യന്‍ എന്‍സെംബിളിന്റെ ‘ശുരുആത്ത്’ ആല്‍ബത്തിലെ വോക്കല്‍ സഹകാരിയായി കഴിഞ്ഞ വര്‍ഷവും ഗ്രാമി നോമിനേഷന്‍ നേടിയിരുന്നു.
ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനിയായ ഗായത്രി 2020-ല്‍ 120 അന്താരാഷ്ട്ര സംഗീത വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ബെര്‍ക്ലി നടത്തിയ ‘സോങ്‌സ് ഫോര്‍ സോഷ്യല്‍ ചേഞ്ച്’ മത്സരത്തില്‍ സമ്മാനം നേടിയിരുന്നു.