ചൂരല്‍മലയിലെ വനിതകളെ ചേര്‍ത്തുപിടിച്ച് നടുമുറ്റം ഖത്തര്‍
ദോഹ.ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജീവിത മാര്‍ഗമായിരുന്ന തയ്യല്‍ ജോലി നിലച്ചുപോയ വനിതകളെ ചേര്‍ത്തുപിടിച്ച് നടുമുറ്റം ഖത്തര്‍. ഈ ഓണം വയനാടിനൊപ്പം എന്ന സന്ദേശത്തോടെ നടത്തിയ ഓണാഘോഷങ്ങളുടെ ഭാഗമായി ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ നിന്ന് ഒരു ഭാഗം നടുമുറ്റം നേരത്തെ തന്നെ ചൂരല്‍മല ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തയ്യല്‍ ജോലിയെടുത്ത് കുടുംബം പോറ്റുകയും ദുരന്തത്തെത്തുടര്‍ന്ന് അതിന് മാര്‍ഗമില്ലാതാവുകയും ചെയ്ത ആറു വനിതകള്‍ക്കായി തയ്യല്‍ മിഷീനും അനുബന്ധ ഉപകരണങ്ങളും കൈമാറിയത്. നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗം സകീന അബ്ദുല്ല വയനാട് ടീം വെല്‍ഫെയറിന്റെയും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ കൈമാറി. നടുമുറ്റം വൈസ് പ്രസിഡന്റും വയനാട് സ്വദേശിയുമായ ലത കൃഷ്ണയുടെ നേതൃത്വത്തിലാണ് അര്‍ഹരായ വനിതകളെ കണ്ടെത്തിയത്. ദുരന്തസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാവുകയും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ലത കൃഷ്ണ. പദ്ധതിയുടെ ഭാഗമാവാന്‍ നടുമുറ്റത്തിന് സംഭാവനകളര്‍പ്പിച്ച മുഴുവന്‍ പേര്‍ക്കും പ്രസിഡന്റ് സന നസീം നന്ദി പറഞ്ഞു.