Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് : നിലവിലെ അധ്യക്ഷന്മാര്‍ വീണ്ടും ജനവിധി തേടുമ്പോള്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹം തെരഞ്ഞെടുപ്പ് ചൂടിലാണ്. ജനുവരി 31 നടക്കുന്ന അപെക്‌സ് ബോഡി തെരഞ്ഞെടുപ്പാണ് എവിടെയും ചര്‍ച്ച. ഖത്തറിലെ മൊത്തം ഇന്ത്യന്‍ സമൂഹത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയില്‍ അംഗങ്ങളെങ്കിലും ഏറെ വീറും വാശിയുമാണ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ കൂടുതല്‍ ആവേശത്തോടെ കമ്മ്യൂണിറ്റി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നു.

മൂന്ന് അപെക്‌സ് ബോഡികളിലും നിലവിലെ അധ്യക്ഷന്മാര്‍ വീണ്ടും ജനവിധി തേടുന്നുവെന്നതാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ ഒരു സവിശേഷത. സാമാന്യം ഭേദപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെന്ന ആത്മവിശ്വാസം തന്നെയാണ് നിലവിലെ അധ്യക്ഷന്മാരെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നയിക്കുന്നത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എ പി മണികണ്ഠന്‍ പൊതുപ്രവര്‍ത്തന രംഗത്ത് വലിയ പാരമ്പര്യമുള്ള നേതാവാണ്. നേരത്തേയും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് സ്ഥാനം വിജയകരമായി അലങ്കരിച്ച അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് എന്ന പദവിയടക്കം പൊതുപ്രവര്‍ത്തന രംഗത്ത് സ്വന്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ ശേഷമാണ് ഖത്തറിലെത്തിയത്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും മല്‍സരിക്കുന്ന ഷാനവാസ് ബാവ നേരത്തെ കെബിഎഫ് പ്രസിഡണ്ട് എന്ന നിലയിലും കഴിവ് തെളിയിച്ച പ്രതിഭയാണ്.

ഖത്തറിലെ നിരവധി കായിക കൂട്ടായ്മകളിലൂടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കായിക ചലനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിക്കുന്ന ഇപി അബ്ദുറഹിമാന്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിനെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

മൂന്ന് അപെക്‌സ് ബോഡികളും മികച്ച പ്രകടനമാണ് കഴിഞ്ഞ ടേമില്‍ കാഴ്ചവെച്ചതെങ്കിലും ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്, മാറ്റത്തിനൊരു വോട്ട് തുടങ്ങിയ തലവാചകങ്ങളാണ് മല്‍സരവേദിയെ കൊഴുപ്പിക്കുന്നത്.

ചാവക്കാട് പ്രവാസി അസോസിയേഷന്‍ നേതൃത്വത്തിലും വിവിധ പ്രൊഫഷണല്‍ ബോഡികളുടെ ഭാഗമായും ചലചിത്ര നിര്‍മാതാവ് എന്ന നിലയിലും തന്റെ പൊതുജനസാന്നിധ്യം തെളിയിച്ച ഷെജി വലിയകത്ത് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ട്.
സംസ്‌കൃതി അധ്യക്ഷനും സാമൂഹ്യ പ്രവര്‍ത്തകനുമായ സബിത് സഹീറും കായിക രംഗത്തെ ശ്രദ്ധേയനായ ആഷിഖ് അഹ്‌മദുമാണ് യഥാക്രമം ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് മല്‍സരിക്കുന്നവരില്‍ പ്രധാനികള്‍

ഇന്നു വൈകുന്നേരത്തോടെ മാത്രമേ മല്‍സരത്തിന്റെ ശരിയായ ചിത്രം വ്യക്തമാകൂവെങ്കിലും സാമൂഹ്യമാധ്യമങ്ങളിലും കൂട്ടായ്മകളുടെ സംഗമങ്ങളിലുമൊക്കെ തെരഞ്ഞെടുപ്പിന്റെ ചൂടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.

Related Articles

Back to top button