സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷ – പി എം എ ഗഫൂര്‍
ദോഹ: സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷയെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈകാരിക സുസ്ഥിരതയും ഭൗതിക വിഭവങ്ങളിലുള്ള സംതൃപ്തിയുമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. അനിയന്ത്രിതമായ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം സാമൂഹിക അക്രമമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബൂ ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക മുന്നേറ്റത്തിനുതകുന്ന ആശയങ്ങളെ കാലാനുസൃതമായി സംവദിക്കാന്‍ കഴിയുന്നു എന്നതാണ് ഫോക്കസിനെ വ്യതിരിക്തമാക്കുന്ന ഘടകമെന്ന് അദ്ദേഹം പറഞ്ഞു.
ഫോക്കസ് ഇന്റര്‍ നാഷനല്‍ ഖത്തര്‍ റീജിയണ്‍ ഡെപ്യൂട്ടി സിഇഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹീ സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ ഫോക്കസുമായുള്ള ഊഷ്മള ബന്ധത്തിന്റെ അനുഭവങ്ങള്‍ സദസുമായി പങ്കു വെച്ചു സംസാരിച്ചു.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്‍, ഐ ബി പി സി ജനറല്‍ സെക്രട്ടറി ഹിഷാം അബ്ദുറഹീം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷബീര്‍ വെള്ളാടത്ത് നിര്‍വഹിച്ചു.
‘വിദ്യഭ്യാസം, ആരോഗ്യം , ക്ഷേമം, സുസ്ഥിരത’ എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ രൂപരേഖ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സി ഒ ഒ അമീര്‍ ഷാജി അവതരിപ്പിച്ചു. ഫോക്കസ് സംഘടിപ്പിച്ച ‘ബി ഫിറ്റ് ‘ ഫിറ്റ്നസ് ചാലഞ്ച് വിജയികള്‍ക്ക് റിയാദ മെഡിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഫോക്കസ് ഖത്തര്‍ സി ഇ ഒ ഹാരിസ് പി ടി അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. അഡ്മിന്‍ മാനേജര്‍ ഡോ. റസീല്‍ മൊയ്തീന്‍ സ്വാഗതവും സി എഫ് ഒ ഫായിസ് എളയോടന്‍ നന്ദിയും പറഞ്ഞു. ആഷിക് ബേപ്പൂര്‍, റാഷിഖ് ബക്കര്‍, ഫഹ്‌സിര്‍ റഹ്‌മാന്‍, സിജില സഫീര്‍, മുസ്തഫല്‍ ഫൈസി, മൊയ്തീന്‍ ഷാ, മുസ്തഫ കാപ്പാട്, അമീനുറഹ്‌മാന്‍ എളേറ്റില്‍, ഹാഫിസ് ഷബീര്‍, ഹമദ് ബിന്‍ സിദ്ദീഖ്,ഷനീജ്, സാബിക്ക്, അസ്ലം തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.