ശാസ്ത്രയാന്‍ അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പ്രദര്‍ശനം – വി.സി

തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ മികവുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ട ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പരീക്ഷകളുടെ തിരക്ക് തുടങ്ങും മുമ്പ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ മേള നടത്തുന്നത് പരിഗണിക്കും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെടെയുള്ള മികച്ച ഗവേഷണ സ്ഥാപനങ്ങളെ പ്രദര്‍ശനത്തിനെത്തിക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെയും ഡയറക്ടറായ ഡോ. എന്‍.എസ്. പ്രദീപ് മുഖ്യാതിഥിയായി. പൊതുജനങ്ങളില്‍ ശാസ്ത്രാവബോധമുണ്ടാക്കുന്നതിനും ശക്തമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ശാസ്ത്രയാന്‍ പോലുള്ള മേളകള്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍ സ്വാഗതം പറഞ്ഞു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ടി.ജെ. മാര്‍ട്ടിന്‍, അഡ്വ. എല്‍.ജി. ലിജീഷ്, സെനറ്റംഗം വി.എസ്. നിഖില്‍, പഠനവകുപ്പ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ എം.എസ്. ബ്രവിം തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്രയാന്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. സി.സി. ഹരിലാല്‍ നന്ദി പറഞ്ഞു.