ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ: വട്ടേക്കാട്ടുകാരായ ഖത്തര്‍ പ്രവാസികള്‍ക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെയും ഭാഗമായി ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിലുള്ള ആരോമ ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് അക്ബറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ആര്‍വി താഹിര്‍ സ്വാഗതം ആശംസിച്ചു. നൂറിലേറെ വട്ടേക്കാട്ടുകാര്‍ പരിപാടിയില്‍ സംബന്ധിച്ചു. പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ ഉപദേശക സമിതി അംഗം അഷ്റഫ് തയ്യാവായില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുതിര്‍ന്ന വ്യക്തിത്വങ്ങളും കുടുംബങ്ങളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്ന വേദിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത വിവിധ കലാ പരിപാടികളും അരങ്ങേറി.
ഐസിബിഎഫ് ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമ പദ്ധതികളും, അതില്‍ ചേര്‍ന്നാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയെ ക്കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ വിശദീകരിച്ചു. ചെറിയ കൂട്ടയ്മകളാണ് സാധാരണക്കാരന്റെ പ്രയാസങ്ങക്ക് താങ്ങാവുന്നതും, അവരെ തിരിച്ചറിയുന്നതെന്നും സര്‍ക്കാര്‍ സഹായങ്ങളും, സേവനങ്ങളും, പെന്‍ഷന്‍ പദ്ധതിയും നമ്മുടെ കൂടെയുള്ള പ്രവാസികള്‍ക്ക് നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ വട്ടേക്കാട് കൂട്ടയ്മയുടെ പുതിയ കമ്മിറ്റിക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക, ഐസിബിഎഫ് ഇന്‍ഷുറന്‍സ് സേവനങ്ങളില്‍ ചേരാനുള്ള അവസരം കൂടി സംഘാടകര്‍ ഒരുക്കിയിരുന്നു. പങ്കെടുത്തവരില്‍ നിന്നും ലഭിച്ച ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഫോമുകള്‍ വേദിയില്‍ വെച്ച് സിദ്ദിഖ് ചെറുവല്ലൂരിന് കൈമാറി.
ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മയുടെ ഭാവി പദ്ധതികളെ കുറിച്ച് നൗഷാദ് തയ്യാവായില്‍ , നദീം ഇഖ്ബാല്‍ എന്നിവര്‍ സദസ്സില്‍ അവതരിപ്പിച്ചു. വിവിധ കലാ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി.
അഡ്വ:സബീന അക്ബര്‍ നന്ദി പറഞ്ഞു