കേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചു : പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്

തിരുവനന്തപുരം. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് കാതലായ പരിരക്ഷയും കരുതലും കരുത്തും നല്‍കി വരുന്ന പ്രവാസി സമൂഹത്തെ ഒന്നടങ്കം അവഗണിച്ച ഒന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്നു എന്‍.ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യാ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച ഒന്നും ബജറ്റില്‍ കാണാത്തതില്‍ പ്രവാസി സമൂഹം നിരാശയിലും ആശങ്കയിലുമാണെന്നു അഹമ്മദ് പറഞ്ഞു.
റദ്ദാക്കിയ പ്രവാസികാര്യ വകുപ്പ് പുന. സ്ഥാപിക്കാത്തതും പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ എന്നതുമൊക്കെ പ്രവാസികളോടുള്ള അവഗണനയുടെ ഭാഗമാണ്.
ബഹു ഭ്രൂരിപക്ഷം വരുന്ന സാധാരണ – ഇടത്തരം പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങളിന്മേല്‍ കണ്ണടച്ചു ഇരുട്ടാക്കുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചത്. വിമാന യാത്രാ നിരക്കില്‍ കേന്ദ്രം അനുവര്‍ത്തിച്ചു വരുന്ന നയവും പ്രവാസികളെ വേദനിപ്പിക്കുന്നതായി അഹമ്മദ് ചൂണ്ടിക്കാട്ടി. കുറഞ്ഞത് ആറു മാസമെങ്കിലും വിദേശഭാരതീയര്‍ ഇന്ത്യയിലേക്ക് വിദേശപണം എത്തിക്കാതെ കരുതി വച്ചാലുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി എന്താകുമെന്നു അഹമ്മദ് ചോദിച്ചു.