മാനവികതയുടെ ഉദ്‌ഘോഷമായി ഒരു ചെറിയ പെരുന്നാള്‍ കൂടി

മുസ്തഫ എം വി കൊയിലാണ്ടി
മാനവികതയുടെ ഉദ്‌ഘോഷമായി ഒരു ചെറിയ പെരുന്നാള്‍ കൂടി ഖത്തറില്‍ കഴിഞ്ഞു.
ഒരു മാസക്കാലം നീണ്ട പരിചരണത്തിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത്.
തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ ഈദ് ഗാഹുകളിലേക്കും നമസ്‌കാര ശേഷം പരസ്പരം ആലിംഗനം ചെയ്തും സ്‌നേഹം പങ്കിട്ടും ശേഷം വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ പ്രിയ ഗ്രൂപ്പുകളിലേക്ക് സന്ദേശം കൈമാറിയും ബന്ധങ്ങള്‍ ഊട്ടി ഉറപ്പിച്ചു. കടലിനക്കരെ നിന്നും ബന്ധു മിത്രാദികള്‍ക്കും ആശംസകള്‍ നേര്‍ന്നും പ്രവാസി ആഘോഷം പതിവ് പോലെ ഗംഭീരമാകുന്നു.
ഖത്തര്‍ എന്ന കൊച്ചു രാജ്യം, അന്നം തേടി എത്തിയ അനേകം വിദേശിയരെന്നോ സ്വദേശിയെന്നോ വകതിരിവ് ഇല്ലാതെ ചേര്‍ത്ത് പിടിക്കുന്നു. ആശാന്തിയുടെ വിത്തുകള്‍ മുളയിലേ കണ്ടെത്തി നാടിനെയും ജനതയെയും സുരക്ഷിതമാക്കുന്നു.
ഞാനിത് എഴുതുമ്പോള്‍ നാടിനെ കുറിചോര്‍ത്ത് മനസ്സ് ആശാന്തമാണ്. സിന്തറ്റിക് ലഹരിയില്‍ അകപ്പെട്ടു പോകുന്ന കൗമാരം. ലഹരി മരുന്നുകളുടെ മായാവലയത്തിലേക്കു ചേക്കേറുന്ന, നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നത് അത്യധികം ആശങ്കജനകമാണ്. സ്വന്തം മാതാവിനെയും വേണ്ടപെട്ടവരെയും നിഷ്‌കരുണം കൊല ചെയ്യാന്‍ നമ്മുടെ യുവതക്കു എങ്ങിനെ സാധിക്കുന്നു?. പിതാവിനെ വധിക്കുന്ന മക്കള്‍, സ്‌നേഹിച്ച പെണ്ണിനെ വിവാഹം ചെയ്ത ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ കഴുത്തില്‍ കത്തി വെക്കാന്‍ എങ്ങിനെ സാധിക്കുന്നു?. ഈ ആഘോഷ വേളയിലും നാടിനെ കുറിച്ചോര്‍ത്തു മനസ്സ് അശാന്തമാണ്.
ക്രിയാത്മകമായി നമ്മുടെ സര്‍ക്കാരും രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വ്യക്തികളും ഒന്നിച്ചു നാടിനു വേണ്ടി കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
സാന്ദര്‍ഭികമായി ഒന്ന് കൂടി സൂചിപ്പിക്കട്ടെ, കുട്ടികളില്‍ അമിതമായ മൊബൈല്‍ / കമ്പ്യൂട്ടര്‍ ഗെയിം കളികള്‍ വര്‍ദ്ധിക്കുന്നുണ്ട്. തനിക്കു ജയിക്കണമെങ്കില്‍ മറ്റുള്ളവരെ കൊല്ലണമെന്നോ നശിപ്പിക്കണമെന്നോ പഠിപ്പിക്കുന്ന കളികള്‍ ഏറെ അപകടകാരികളാണ്. രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ കുടുംബത്തില്‍ ഒരു ക്രിമിനല്‍ വളര്‍ന്നേക്കാം…
മനുഷ്യനോട് മനുഷ്യനെക്കുറിച്ചു സംസാരിക്കുന്ന വെറുപ്പും കൊലയും പകയും സംഘര്‍ഷങ്ങളും ഇല്ലാത്ത ഒരു നല്ല നാളെക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം, അതിനു വേണ്ടി ശ്രമിക്കാം.