മാക് ഇശല്‍ 2025′ സൗഹൃദത്തിന്റെയും കലാ ആസ്വാദനത്തിന്റെയും മനോഹര സംഗമമായി

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി സംഘടനയായ മാക് ഖത്തര്‍ സംഘടിപ്പിച്ച ‘മാക് ഇശല്‍ 2025’ ദോഹയിലെ ഐസിസി അശോക ഹാളില്‍ അരങ്ങേറി. ഇഷല്‍ എന്ന ആശയത്തില്‍നിന്ന് പിറവിയെടുത്ത പരിപാടി, ഈദിന്റെ ഘോഷങ്ങളുമായി മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി.
പ്രശസ്തരായ പ്രവാസി ഗായകര്‍ മഷ്ഹൂദ് തങ്ങള്‍, ദിവ്യ, സക്കീര്‍ സരിഗ, ഫായിസ്, ഫര്‍സാന, റസ്ലിഫ് എന്നിവര്‍ ഒരുക്കിയ സംഗീത സന്ധ്യ ഗസലിനും, മലയാള ഗാനങ്ങള്‍ക്കും, മാപ്പിളപ്പാട്ടുകള്‍ക്കും സാന്ദ്രത നല്‍കിക്കൊണ്ട് സദസ്സിനെ ഉല്ലാസ ലോകത്തേക്ക് നയിച്ചു. സരിഗ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ സംഗീതം, ഒപ്പന, അറബിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി. കുടുംബങ്ങളും യുവാക്കളുമുള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്ത പരിപാടി, സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത നേടി.
ബിസിനസ് സെഷനില്‍ മാക് ഖത്തര്‍ പ്രസിഡന്റ് യാസിര്‍ കെ സി അധ്യക്ഷത വഹിച്ചു. മുഖ്യ സ്‌പോണ്‍സര്‍മാര്‍ക്കും അതിഥികള്‍ക്കും ആദരവ് നല്‍കിയതോടൊപ്പം, ഒപ്പനയും അറബിക് ഡാന്‍സും അവതരിപ്പിച്ച ചിലങ്ക ടീമിനുള്ള മാകിന്റെ ഉപഹാരവും ചടങ്ങില്‍ കൈമാറി. AALCO, സിദ്‌റ വെജിറ്റബ്ള്‍സ് & ഫ്രൂട്ട്‌സ്, MARC തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രായോജകരായ പരിപാടിയില്‍, ജനറല്‍ സെക്രട്ടറി നിസാര്‍ സ്വാഗതം പറഞ്ഞു, പ്രോഗ്രാം കണ്‍വീനര്‍ ഫിറോസ് വടകര നന്ദി പറഞ്ഞു. കെ സി അബ്ദുല്ലത്തീഫ്, ഇ.പി. അബ്ദുറഹ്‌മാന്‍, അബ്ദുള്ള ഉള്ളാട്ട്, അബ്ദുല്‍ അസീസ് പി,
സഫീര്‍ വി.കെ., മുഹമ്മദ് പാറക്കടവ്, കെ സി മൊയ്തീന്‍ കോയ, റഹീം ഓര്‍മശ്ശേരി , മുഹ്‌സിന്‍ ഒ.പി., റസാക് കാരാട്ട്, ലതാ കൃഷ്ണ തുടങ്ങിയവര്‍ സന്നിഹിതരായി.
മലയാളി സമൂഹം ഈദിനെ ആഘോഷിക്കാന്‍ ഒരുമിച്ചെത്തിയതിന്റെ അതുല്യ ഉദാഹരണമായിരുന്നു ”മാക് ഇശല്‍”. സംഗീതം, സൗഹൃദം, സംവേദനം എന്നിവയുടെ സംഗമമായിത്തീര്‍ന്ന ഈ ദിനം ദോഹയിലെ മലയാളികള്‍ക്ക് വേറിട്ട അനുഭവമായി.

