എന്‍ജിനീയേര്‍ ഡേ ആഘോഷിച്ച് എഞ്ചിനീയേര്‍സ് ഫോറം

ദോഹ. ഖത്തറിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേര്‍സ് ഫോറം എഞ്ചിനീയേര്‍സ് ഡേ ആചരിച്ചു. ഭാരത രത്ന എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ആണ് എഞ്ചിനീയേര്‍സ് ഡേ ആയി ഇന്ത്യയില്‍ ആചരിക്കുന്നത്. മെസീല റിസോര്‍ട്ടില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ എഞ്ചിനീയേര്‍സ് ഡേ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.
ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്ന സാങ്കേതിക രംഗത്തിന്റെ വേഗത കൂട്ടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു. എഞ്ചിനീയേര്‍സ് ഡേയില്‍ നാം ഓര്‍മ്മ പുതുക്കുന്ന ഭാരത് രത്ന വിശ്വേശ്വരയ്യയുടെ കാലത്ത് പാലങ്ങളും ഡാമുകളും ജലസേചന പദ്ധതികളും വ്യവസായ സംരംഭങ്ങളുമായിരുന്നു പടുത്തുയര്‍ത്തപ്പെട്ടത് എങ്കില്‍ ഇന്ന് വൈവിധ്യമാര്‍ന്ന സാങ്കേതിക മേഖലകളില്‍ വളര്‍ച്ച കൈവരിക്കുകയാണ് . മൂവായിരത്തോളം അംഗങ്ങളുള്ള എഞ്ചിനീയേര്‍സ് ഫോറം പോലുള്ള സംഘടനകളുടെ പ്രസക്തി ഈ രംഗത്ത് ഏറെയാണ് എന്നും വിപുല്‍ അഭിപ്രായപ്പെട്ടു.
എഞ്ചിനീയേര്‍സ് ഫോറം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യങ്ങളിലായി ഇറക്കുന്ന ടെക്നിക്കല്‍ മാഗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആധാരമാക്കി ഇറക്കിയ പുതിയ പതിപ്പ് അംബാസഡര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ആദ്യ കോപ്പി ഏറ്റ് വാങ്ങിയത് ഇ എഫ് ബോര്‍ഡ് ഓഫ് ഗവര്‍ണര്‍ ചെയര്മാന് ടി എ ജെ ഷൗക്കത്ത് അലി ആയിരുന്നു.
എഞ്ചിനീയറിംഗ് മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാനും അതിന് വേണ്ട മെന്ററിങ്, വിഭവ ഏകോപനം എന്നിവ നടത്താനും ലക്ഷ്യമിട്ട് എഞ്ചിനീയേര്‍സ് ഫോറം ഏര്‍പ്പെടുത്തിയ ഐഡിയ ബ്ലൂമിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചത് രാജ്യ സഭാ എം പി അഡ്വ. എ എ റഹീം ആയിരുന്നു. പരിസ്ഥിതി സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്കും പരിപാലനത്തിനും നഗര വികസനത്തിന്റെ വെല്ലുവിളികള്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് എഞ്ചിനീയര്‍മാരുടെ പ്രസക്തി ഏറെയാണ് എന്ന് എ എ റഹീം പറഞ്ഞു. ഇ എഫ് ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡണ്ട് ആഷിഖ് അഹ്മദ് ആയിരുന്നു അധ്യക്ഷത വഹിച്ചത്. ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, മന്നായ് എനര്‍ജി ജനറല്‍ മാനേജര്‍ അബി ആലു രാജന്, ടി എ ജെ ഷൗക്കത്ത് അലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
തുടര്‍ന്ന് ഐ ബി പി സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുല്‍ റഹീം മോഡറേറ്റര്‍ ആയി സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്റ്റം എന്ന വിഷയം ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയായിരുന്നു. പ്രസ്തുത മേഖലയിലെ വിദഗ്ദരായ ജിനാന്‍, ഡോ. ജേക്കബ് മാത്യു, ഷാമില്‍ ഷരീഫ്, യൂനുസ് കളത്തില്‍ എന്നിവര്‍ പാനലിസ്റ്റുകളായി സ്റ്റാര്‍ട്ട് അപ്പിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയുടെ അവസങ്ങളെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സദസ്സിന് വ്യക്തമാവും വിധം അവതരിപ്പിച്ചു . ഒടുവിലത്തെ സെഷനില്‍ എഞ്ചിനീയറിംഗ് രംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം എന്ന വിഷയത്തില്‍ സാങ്കേതിക വിദഗ്ദരായ സന്ദീപ് , മുഹമ്മദ് അഷ്റഫ് എന്നിവര്‍ പഠനോത്സുകമായ രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തി. എന്‍ജിനീയേര്‍സ് ഫോറം ടെക്നിക്കല്‍ വിഭാഗം തലവന്‍ ഷൗക്കത്ത് അലി നന്ദി പ്രകാശിപ്പിച്ചു.
