ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 ന്റെ ഭാഗ്യചിഹ്നം പ്രഖ്യാപിച്ചു

ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2025 ന്റെ ഭാഗ്യചിഹ്നം പ്രഖ്യാപിച്ചു. ഫിഫയും ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും ചേര്‍ന്നാണ് ഔദ്യോഗിക ടൂര്‍ണമെന്റ് മാസ്‌കോട്ടായി ബോമ- ദി ഡെസേര്‍ട്ട് ഔള്‍ – അനാച്ഛാദനം ചെയ്തു. തുടര്‍ച്ചയായി അഞ്ച് ഫിഫ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റുകളില്‍ അഞ്ച് വ്യത്യസ്ത ദേശീയ ടീമുകളെ നയിച്ച ഫുട്‌ബോള്‍ ചരിത്രത്തിലെ ഏക മാനേജറായ ഒരാളായ ഇതിഹാസ സെര്‍ബിയന്‍ പരിശീലകന്‍ വെലിബോര്‍ ‘ബോറ’ മിലുട്ടിനോവിച്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു കഥാപാത്രമാണിത്.
‘ബോമ’ എന്ന പേര് മൂങ്ങ എന്നതിന്റെ അറബി പദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത് – ജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു.
കോച്ച് ബോറ എന്നറിയപ്പെടുന്ന മിലുട്ടിനോവിച്ച്, 1986 നും 2002 നും ഇടയില്‍ തുടര്‍ച്ചയായ അഞ്ച് ലോകകപ്പുകളില്‍ മെക്‌സിക്കോ, കോസ്റ്റാറിക്ക, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, നൈജീരിയ, ചൈന എന്നിവയുടെ ദേശീയ ടീമുകളെ നയിച്ചാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടമാണിത് . 2004 ല്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ അല്‍ സദ്ദ് എസ്സിയുടെ പരിശീലകനായി സേവനമനുഷ്ഠിച്ച അദ്ദേഹം അതേ വര്‍ഷം തന്നെ അവരെ അമീര്‍ കപ്പ് നേടുന്നതിലേക്ക് നയിച്ചു.


