Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമം ‘ഒരുക്കം 2025’ സംഘടിപ്പിച്ചു

ദോഹ: വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനങ്ങള്‍ മുഖ്യ അജണ്ടയാക്കി മത്സര രംഗത്തിറങ്ങുന്ന ജനപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ‘ഒരുക്കം 2025’ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ വിജയിച്ച വാര്‍ഡുകളില്‍ സാമൂഹിക ക്ഷേമ, വികസന പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കി മാതൃകാ വാര്‍ഡുകളാക്കി മാറ്റാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. അധികാരം ജനങ്ങളിലേക്കെത്തുന്ന അത്തരം വാര്‍ഡുകള്‍ സൃഷ്ടിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീര്‍ ഷാ പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി റബീഅ് സമാന്‍ തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളും ജില്ലാക്കമ്മറ്റിയംഗം സിദ്ദീഖ് മങ്കട വോട്ടര്‍ പട്ടിക വിശകലനങ്ങളും പഠന വിവരങ്ങളും വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദലി, കമ്മറ്റിയംഗം സജ്ന സാക്കി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി ഫഹദ് ആറാട്ടു തൊടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷിബിലി മഞ്ചേരി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഗാന വിരുന്ന്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അഹമ്മദ് കബീര്‍, അസ്ഹറലി, ഷാനവാസ്, സഹ്ല. ഷബീബ് അബ്ദുറസാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button