കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്നു – പ്രവാസി വെല്‍ഫെയര്‍

ദോഹ. ഭരണ രംഗത്തെ ഗുരുതരമായ വീഴ്ചകള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് മറയ്ച്ച് വെക്കാനാണ് കേരളത്തിലെ സര്‍ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. നമ്പര്‍ വണ്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ആതുരാലയങ്ങള്‍ ആളെകൊല്ലിയാകുന്ന അവസ്ഥയാണ്. ബാറുകള്‍ യഥേഷ്ടം തുറന്ന് വെച്ചും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെയും ലഹരിക്കെതിരെ ബോധവല്‍ക്കരണം എന്ന കാപട്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. 50 ല്‍ താഴെയായിരുന്ന കേരളത്തിലെ ബാറുകളുടെ എണ്ണം പത്ത് വര്‍ഷം കൊണ്ട് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നു. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ ഇന്നും ദുരിതം പേറി ജീവിക്കുകയാണ്.
കൊട്ടിഘോഷിച്ച് നടത്തിയ റോഡ് വികസനമെല്ലാം കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനു മുന്നെ തന്നെ തകര്‍ന്ന അവസ്ഥയിലാണ്. ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ പരിഹാരം കാണുന്നതിനു പകരം കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചും രാഷ്ട്രീയ ലാഭത്തിനായി അപകടകരമായ രീതിയില്‍ വിഭാഗീയത വളര്‍ത്തുകയുമാണ് ഭരണ വിഭാഗം ചെയ്യുന്നതെന്നും നേതൃസംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമാരായ മജീദ് അലി, അനീസ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് റാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഷിബിലി മഞ്ചേരി, നജീം കൊല്ലം, ഷഫാ കണ്ണൂര്‍, ഉമ്മര്‍ മാസ്റ്റര്‍, നസീര്‍ ഹനീഫ, മുജീബ് റഹ്‌മാന്‍ പാറക്കടവ്, ഷിയാസ് എറണാകുളം, സുബൈര്‍ ഗുരുവായൂര്‍, അബ്ദുല്‍ അസീസ് തിരുവമ്പാടി, അബ്ദുല്‍ കരീം വണ്ടൂര്‍, നുസൈര്‍ കായക്കൊടി, ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സാഹോദര്യകാലം ജനറല്‍ കണ്‍വീനര്‍ മഖ്ബൂല്‍ അഹമ്മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ നന്ദിയും പറഞ്ഞു.

