ഖിയ ചാമ്പ്യന്‍സ് ലീഗ് : സിറ്റി എക്സ്ചേഞ്ച് എഫ് സിക്ക് കീരീടം

ദോഹ: ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് എഫ് സിക്ക് കരുത്തരായ ഗ്രാന്‍ഡ്മാള്‍ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തു പതിനൊന്നാമത് ഖിയ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ദോഹസ്റ്റേഡിയം തിങ്ങി നിറഞ്ഞ ഫൈനല്‍ മത്സരം ആദ്യന്തം ആവേശകരമായിരുന്നു.
ഇരു ടീമുകളും ഗംഭീരമായ ലൈനപ്പുകളുമായാണ് കളിക്കാനിറങ്ങിയത്. ആദ്യ വിസില്‍ മുതല്‍ തന്നെ ഇരു ടീമുകളും തീപാറുന്ന മത്സരം കാഴ്ചവെച്ചെങ്കിലും കളിയുടെ മുപ്പതാം മിനിറ്റില്‍ സിറ്റി എക്‌സ്‌ചേഞ്ചിന് വേണ്ടി ബൂട്ടണിഞ്ഞ ഇന്ത്യന്‍ താരം കെ.പി. രാഹുല്‍ വിജയ ഗോള്‍ കുറിച്ചു . ഗ്രാന്‍ഡിന് അനുകൂലമായ കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച പന്ത് പ്രത്യാക്രമണത്തിലൂടെയാണ് സിറ്റി വിജയഗോള്‍ കുറിച്ചത്. സമനില പിടിക്കാനായി കൂടുതല്‍ കരുത്തോടെ കളം നിറഞ്ഞു കളിച്ച ഗ്രാന്‍ഡ്മാള്‍ എഫ്സിക്ക് ലക്ഷ്യം നേടാനായില്ല.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ താരങ്ങളായ ഗനി അഹമ്മദ് നിഗം, മുഹമ്മദ് സലാഹ്, ക്യാപ്റ്റന്‍ റിഷാദ്, അജ്‌സല്‍, ജോണ്‍സണ്‍ സിങ് ലയ്ഷറാം എന്നിവര്‍ നയിച്ച ഗ്രാന്‍ഡിനെതിരെ, രാഹുലിന്റെ നേതൃത്വത്തില്‍ ക്ലാരന്‍സ് സാവിയോ, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് അര്‍ഷാസ്, മിഥിലാജ്, ഇസ്മയില്‍ എന്നിവര്‍ കളം ഭരിച്ചപ്പോള്‍ വലക്കു മുന്നില്‍ ഷഹീന്‍ കബീര്‍ തന്റെ ഉജ്ജ്വല ഫോമില്‍ തുടര്‍ന്നു.
മുഹമ്മദ് സുഹൈല്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി. ഗ്രാന്‍ഡ് മാള്‍ എഫ്.സിയുടെ റിഷാദ് ടൂര്‍ണമെന്റിലെ താരമായി. സിറ്റിയുടെ ഷഹീന്‍ മികച്ച ഗോള്‍കീപ്പറും സിറ്റിയുടെതന്നെ ഷിജിന്‍ ടോപ് സ്‌കോററുമായി. ഗ്രാന്‍ഡ്മാളിനാണ് ഫെയര്‍പ്ലേ പുരസ്‌കാരം.
ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ അല്‍ വഹ കായ് ഖത്തര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മന്‍സൂര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ഐ എസ് സി പ്രസിഡണ്ട് ഇപി അബ്ദുറഹ്‌മാന്‍, ഖിയ അഡ്വൈസറി ചെയര്‍മാന്‍ മിബു ജോസ്, ഖിയ പ്രസിഡണ്ട് അബ്ദുറഹീം, ടൂര്‍ണമെന്റ് ഹെഡ് രഞ്ജിത് രാജു, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്മാരായ സഫീര്‍, നിഹാദ്, ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റീ വൈസ് ചെയര്മാന്‍ അഷ്റഫ് ചിറക്കല്‍ , ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹംസ യൂസഫ് , ഐ എസ് സി ഹെഡ് ഓഫ് ഫുട്‌ബോള്‍ അസീം, കെ ആര്‍ ജയരാജ് , ഇവന്റ് ഹെഡ് റഫീഖ്, അര്‍മാന്‍, എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള പുരസ്‌കാരം നല്‍കി. ഖിയ സംഘാടക സമിതി ഭാരവാഹികളായ ആഷിഫ്, റഫീഖ്, അസ്ലം, ശ്രീനിവാസ്, ജിംനാസ്, മര്‍സൂഖ് എന്നിവര്‍ വ്യക്തിഗത അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫികള്‍ നല്‍കി.



