
ഫിഫ 2022 ലോകകപ്പ് ഖത്തറിന് സ്‌പെയിനില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട സാന്റിയാഗോ ഇറാഖിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് സ്‌പെയിനില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട സാന്റിയാഗോ ഇറാഖിലെത്തി .
നവംബര്‍ 20 ന് നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഖത്തറിലെത്താമെന്ന പ്രതീക്ഷയില്‍ ഈ വര്‍ഷം ജനുവരിയിലാണ് സാന്റിയാഗോ സാഞ്ചസ് കോഗെഡോര്‍ എന്ന സാഹസികന്‍ മാഡ്രിഡില്‍ നിന്ന് ദോഹയിലേക്കുള്ള തന്റെ ഐതിഹാസ നടത്തം ആരംഭിച്ചത്.
സംഭവ ബഹുലമായ എട്ട് മാസം നടന്ന് താന്‍ ഇറാഖിലെത്തിയ വിവരം കഴിഞ്ഞ ദിവസം സാന്റിയാഗോ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്..
താന്‍ ഇപ്പോള്‍ കുര്‍ദിസ്ഥാന്‍ മേഖലയിലെ സാഖോ എന്ന ഗ്രാമത്തിലാണെന്നും ഉടന്‍ തന്നെ ഇറാന്‍ അതിര്‍ത്തി കടക്കുമെന്നും എര്‍ബിലും മറ്റ് നഗരങ്ങളും കടന്ന് കൃത്യസമയത്ത് തന്നെ 6,500 കിലോമീറ്റര്‍ കാല്‍നടയായി പൂര്‍ത്തിയാക്കി ഖത്തറിലെത്തുമെന്നും സാന്റിയാഗോ ബുധനാഴ്ച തന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ഖത്തറിലേക്കുള്ള തന്റെ യാത്രയുടെ അപ്ഡേറ്റുകള്‍ പതിവായി തന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ പോസ്റ്റുചെയ്യുന്ന സാഹസികന്‍, തന്റെ കൂടാരത്തിലോ ഹോട്ടലുകളിലോ അല്ലെങ്കില്‍ വഴിയില്‍ ലഭിച്ച പുതിയ സുഹൃത്തുക്കളോടോപ്പമോ ആണ് ഉറങ്ങുന്നത്്.
യാത്ര ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നാണ് കണക്ക് കൂട്ടിയതെന്നും അതുകൊണ്ടാണ് ജനുവരി ആദ്യം തന്നെ യാത്ര ആരംഭിച്ചതെന്നും സാന്റിയാഗോ പറഞ്ഞു.
തന്റെ യാത്രയില്‍ കണ്ടുമുട്ടുന്ന വിവിധ ദേശക്കാരും ഭാഷക്കാരുമായി ആശയവിനിമയം നടത്തുന്നതിലെ വെല്ലുവിളികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതിന് തന്റെ ഫോണിലെ ഒരു വിവര്‍ത്തന ആപ്ലിക്കേഷനാണെന്ന് സാന്റിയാഗോ വ്യക്തമാക്കി.
താന്‍ സ്‌പെയിനില്‍ നിന്നും ഖത്തറിലേക്ക് കാല്‍നടയായി പോകുന്നുവെന്നത് പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല. യാത്രാ വിശേഷങ്ങളും അനുഭവങ്ങളുമൊക്കെ പങ്കുവെച്ചാണ് യാത്ര മുന്നോട്ടുപോകുന്നത്.
എല്ലാ വിഷയങ്ങളിലുമെന്ന പോലെ യാത്രയിലും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം മാനസികാവസ്ഥയാണ്.’ഞാന്‍ പലപ്പോഴും എന്റെ കാലുകൊണ്ട് നടക്കാറില്ല, പക്ഷേ ഞാന്‍ എന്റെ മനസ്സുകൊണ്ട് നടക്കുന്നു. നിങ്ങളുടെ മനോവീര്യം നല്ലതാണെങ്കില്‍, നിങ്ങളുടെ ശരീരം നല്ലതാണ്, ”സാന്റിയാഗോ കോഗെഡോര്‍ കുറിച്ചു. പ്രതിദിനം ശരാശരി 14- 15 കിലോമീറ്ററാണ് അദ്ദേഹം നടക്കുന്നത്.
ജനുവരിയില്‍ മാഡ്രിഡ് വിട്ട സ്‌പെയിന്‍കാരന്‍ പിന്നീട് യൂറോപ്പും തുര്‍ക്കിയും കടന്നാണ് ഇറാഖിലെത്തിയത്.
സ്പോര്‍ട്സിനെ സ്‌നേഹിക്കുന്ന 42 കാരനായ സാഹസികന്‍ ജനുവരി 8 ന് തന്റെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്‌പെയിനിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം അല്‍ ഹമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാര്‍ത്താ വെബ്സൈറ്റ് റപ്റ്റ്‌ലി പറയുന്നതനുസരിച്ച്, മാഡ്രിഡിലെ സാന്‍ സെബാസ്റ്റ്യന്‍ ഡി ലോസ് റെയ്സിലെ മതാപിനോനേര സ്റ്റേഡിയത്തില്‍ നിന്നാണ് സാന്റിയാഗോ കോഗെഡോര്‍ തന്റെ യാത്ര ആരംഭിച്ചത്.
ഈ യാത്ര എന്നെ ഒരു മികച്ച വ്യക്തിയും മികച്ച മനുഷ്യനുമാക്കും. ഇത് തുടര്‍ച്ചയായ പഠനമായിരിക്കും, ഏകാന്തതയുടെ രാത്രികളായിരിക്കും, അത് ഞാന്‍ കൂടെയുള്ളവരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു,’ യാത്ര ആരംഭിക്കുന്നതിന് മുമ്പ് സാന്റിയാഗോ കോഗഡോര്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്‌പെയിന്‍കാരന്‍ തന്റെ ചക്രങ്ങളുള്ള സ്യൂട്ട്‌കേസും വഹിച്ചാണ് യാത്ര ചെയ്യുന്നത്. അതില്‍ ഗ്യാസ് സ്റ്റൗവും ജലശുദ്ധീകരണ ഗുളികകളും യാത്രയ്ക്കുള്ള ടെന്റും ഉണ്ട്.


