രണ്ടാമത് ഖത്തര്‍ പൂരം ജനുവരി 30 ന്

ദോഹ : ഖത്തറിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് ഖത്തര്‍ പൂരം സീസണ്‍ 2 ജനുവരി 30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലയാളികളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ ആഘോഷമായ, ഖത്തറിലെ മലയാളികള്‍ ആവേശത്തോടെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഖത്തര്‍ പൂരത്തില്‍, കേരളത്തിന്റെ പരമ്പരാഗത സംഗീതം, നൃത്തം, കല, കേരളത്തിലെ വിവിധതരം ഭക്ഷണങ്ങള്‍, ഖത്തറിലെ ഭൂരിഭാഗം മലയാളികള്‍ക്കും കണ്ടുമുട്ടാവുന്ന ഒരു വേദി, തുടങ്ങിയ ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലായി മാറും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഖത്തറില്‍ ഈ രാജ്യത്തിന്റെ നിയമ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏറ്റവും ഭംഗിയായി ഒരു പൂരപ്പറമ്പ് ഐഡിയല്‍ സ്‌കൂളില്‍ ഒരുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികളായ നൃത്തങ്ങള്‍, മ്യൂസിക് ബാന്‍ഡുകള്‍, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, പഞ്ചാരി മേളം, ബാന്‍ഡ് വാദ്യം, ഒപ്പന, കോല്‍ക്കളി തുടങ്ങിയവ, ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികളും പലഹാരങ്ങളും ഉള്‍ക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകളും, മൈലാഞ്ചി ഇടല്‍, വസ്ത്ര വില്‍പ്പന, ഫേസ് പെയിന്റിങ്, എന്നിവയും, എല്ലാ പ്രായക്കാര്‍ക്കും കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളും വിനോദവും ബിസിനസ്സ്, കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍, സാംസ്‌കാരികവും സാമൂഹികവുമായ ഓര്‍ഗനൈസേഷനുകള്‍ തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കാനുള്ള അവസരങ്ങളും പൂരപ്പറമ്പിലൊരുക്കും.
ഉച്ചക്ക് 2 മുതല്‍ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക. വൈകിട്ട് 7.30 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ മലയാളീസ് പ്രതിനിധി കെ.ടി ബിലാല്‍, 974 ഇവന്റ് പാര്‍ട്ണര്‍ റസല്‍, സ്‌പോണ്‍സര്‍മാരായ മര്‍സ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, റിയാദ മെഡിക്കല്‍സ് അല്‍ത്താഫ് , സെഞ്ചുറി റസ്റ്റോറന്റ് ഇല്യാസ് , ഷെഫ് ട്രിയോസ് ടെന്നി സൈമണ്‍, എന്നിവര്‍ സംസാരിച്ചു.
