അല്‍ ജാമിഅ അലുമ്‌നി വാര്‍ഷിക സംഗമം സംഘടിപ്പിച്ചു

ദോഹ: ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയയുടെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ അല്‍ ജാമിഅഃ അലുമ്‌നി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ വാര്‍ഷിക സംഗമം മന്‍സൂറയിലെ സിഐസി ഹാളില്‍ നടന്നു.
അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ അലുമ്‌നി അസോസിയേഷന്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഡോ. എ. എ. ഹലീം സംഗമം ഉദ്ഘാടനം ചെയ്തു. പുതിയ കാലം ആവശ്യപ്പെടുന്ന സുപ്രധാന ചുവടുവെപ്പാണ് അല്‍ ജാമിഅയുടെ ‘നോളജ് വേള്‍ഡ്’ പദ്ധതി എന്നും, ഖത്തര്‍ ചാപ്റ്ററിന്റെ അകമഴിഞ്ഞ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.
വൈജ്ഞാനിക പിന്‍ബലവും ബൗദ്ധിക പ്രാപ്തിയുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അല്‍ ജാമിഅ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി ഡോ. താജ് ആലുവ സംഗമത്തിന് അധ്യക്ഷത വഹിച്ചു. അലുമ്‌നി പ്രസിഡന്റ് നിസാര്‍ വേങ്ങര സ്വാഗതം പറഞ്ഞു.
കഴിഞ്ഞ കാലയളവില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് അവതരണം ജനറല്‍ സെക്രട്ടറി അബൂസ് പട്ടാമ്പി നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പി. പി. അബ്ദുല്‍ റഹീം, യാസര്‍ അറഫാത്ത്, അസ്ലം തൗഫീഖ്, സുഹൈല്‍ ശാന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

