ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 10 പേര്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ :ഖത്തറിനെതിരെ ചാരപ്രവര്‍ത്തനം നടത്താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ള പത്തുപേരടങ്ങുന്ന രണ്ട് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ് .
അറസ്റ്റ് ചെയ്തവരില്‍ ഏഴ് പേര്‍ രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ചാരവൃത്തി ദൗത്യങ്ങള്‍ക്കായി ചുമതലപ്പെടുത്തപ്പെട്ടവരാണ്. മറ്റ് മൂന്ന് പേര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയവരും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലപ്പെടുത്തിയവരുമാണ്.
സുപ്രധാന സ്ഥാപനങ്ങളുടെയും കേന്ദ്രളുടെയും മാപ്പുകളും ആശയവിനിമയ ഉപകരണങ്ങളും സാങ്കേതിക ഉപകരണങ്ങളും പ്രതികളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായും ചോദ്യം ചെയ്യലില്‍, ഇറാന്‍ റെവല്യൂഷണി ഗാര്‍ഡുമായുമായുള്ള ബന്ധവും ചാരവൃത്തിയും അട്ടിമറി പ്രവര്‍ത്തനങ്ങളും നടത്താന്‍ നിയോഗിക്കപ്പെട്ടതായും പ്രതികള്‍ സമ്മതിച്ചതായും ഖത്തര്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടകേന്ദ്രങ്ങളെ വിവരമറിയിക്കാനും സുരക്ഷാ വകുപ്പ് അഭ്യര്‍ഥിച്ചു.




