ലോകകപ്പ് ഖത്തര്‍ 2022 ലേക്ക് 500 ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കായിക ലോകത്ത് ആവേശത്തിരകളുയര്‍ത്തി ഖത്തറെന്ന അറബ് രാജ്യം ഫിഫ ലോകകപ്പിന് ആതിഥ്യമരുളുവാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി മുന്നോട്ടുപോവുകയാണ്. ലോകകപ്പ് ഖത്തര്‍ 2022 ലേക്ക് 500 ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങിയതോടെ കായിക ലോകത്ത് പൊതുവിലും അറബ് ലോകത്ത് വിശേഷിച്ചും കാല്‍പന്തുകളിയാരവത്തിന്റെ ആവേശം അലയടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പ്രതികൂലമായ സാഹചര്യങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച കോവിഡ് മഹാമാരി ഒരു വര്‍ഷത്തിലേറെയായി ഭീഷണിയുയര്‍ത്തുമ്പോഴും തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് ലോകകായിക ഭൂപടത്തില്‍ ഖത്തര്‍ അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്.
സുരക്ഷമാനദണ്ഡങ്ങളിലും സാങ്കേതിക തികവിലും ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയങ്ങള്‍ നിര്‍ണിത സമയത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ ഫിഫയുടെ ഉത്തരവാദപ്പെട്ടവരുടെ കയ്യടി വാങ്ങിയത്. ഖത്തറിന്റെ വിവിധ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച ഫിഫ പ്രസിഡണ്ട് ഖത്തറിന്റെ തയ്യാറെടുപ്പുകളെ വിശേഷിപ്പിച്ചത് അവിശ്വസനീയമെന്നാണ്.
ഇച്ഛാശക്തിയും തന്റേടവുമുള്ളതോടൊപ്പം കാഴ്ചപ്പാടുള്ള ഭരണകര്‍ത്താക്കളും നേതൃത്വവും കൊണ്ട് അനുഗ്രഹീതമായ ഖത്തര്‍ ലോക കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പിന് വേദിയൊരുക്കാനൊരുങ്ങുമ്പോള്‍ നാടും നഗരവും ഒന്നടങ്കം ആമോദം പങ്കുവെക്കും. പ്രവാസി സമൂഹവും അവരുടെ രണ്ടാം ഗേഹമായ ഈ രാജ്യത്തിന്റെ തൊപ്പിയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിചേര്‍ക്കുന്ന സുന്ദരമുഹൂര്‍ത്തത്തിനായി അവേശത്തോടെയാണ് കാത്തിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യത്തെ ലോകകപ്പ് നവംബര്‍ 21 ന് ആരംഭിച്ച് 28 ദിവസത്തെ വിവിധ മാച്ചുകളില്‍ ലോകോത്തര ടീമുകള്‍ മല്‍സരിച്ച് ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തില്‍ കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കും. കാല്‍പന്തുകളിയുടെ ആരവങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സവിശേഷമായ അനുഭവമൊരുക്കുമെന്നാണ് ഖത്തറിലെ ഫിഫ ലോകപ്പ് മുഖ്യ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഖത്തറിന്റെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമയബന്ധിതമായാണ് പൂര്‍ത്തീകരിക്കുന്നത്. എല്ലാ സ്റ്റേഡിയങ്ങളുടേയും ജോലികള്‍ വളരെ ഊര്‍ജിതമായാണ് മുന്നോട്ടുപോകുന്നത്. നാല് സ്റ്റേഡിയങ്ങള്‍ ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. രണ്ട് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം താമസിയാതെ ഉണ്ടായേക്കും.
പുതിയ മെട്രോ സംവിധാനം, എക്‌സ്പ്രസ് ഹൈവേ, സബാഹ് ബിന്‍ അഹ്മദ് കോറിഡോര്‍ തുടങ്ങിയവയൊക്കെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുവരുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും സന്ദര്‍ശകര്‍ക്ക് അറേബ്യന്‍ ആതിഥ്യത്തിന്റെ ഊഷ്മളത സമ്മാനിക്കും.
ഡിസംബര്‍ 18 ന് 80000 കാണികളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട് നടക്കുക. കളി നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും റോഡ് മാര്‍ഗം എത്തിപ്പെടാമെന്നതും 50 കിലോമീറ്റര്‍ ചുറ്റളവിലായതിനാല്‍ കളിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമൊക്കെ വലിയ സൗകര്യമാകും. ഒരേ സ്ഥലത്ത് താമസിക്കാനും ഒരു മണിക്കൂറിനുളളില്‍ കളി നടക്കുന്ന സ്‌റ്റേഡിയങ്ങളിലെത്താനും കഴിയും.
ഐതിഹാസികമായ ലോകകപ്പിന് ആദ്യത്തമരുളാന്‍ ഖത്തര്‍ പൂര്‍ണ്ണസജ്ജമാണെന്നും മുഴുവന്‍ സ്റ്റേഡിയങ്ങളുടെയും പണികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ ഖാത്തര്‍ ഉറപ്പ് നല്‍കി. ഈ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് 2022 ലോക കപ്പിന്റെ ഡ്രസ്സ് റിഹേര്‍സലാകും