ഖത്തറിലേക്ക് വരുന്നവര്‍ ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കടല്‍, കര, വ്യോമ മാര്‍ഗങ്ങളിലൂടെ ഖത്തറിലേക്ക് വരുന്ന എല്ലാവരും യാത്രക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും www. ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
ഇഹ്തിറാസില്‍ അണ്ടര്‍ പ്രോസസ് എന്നോ അപ്രൂവല്‍ പെന്‍ഡിംഗ് എന്നോ കാണിച്ചാല്‍ അത്തരക്കാരെ എയര്‍ലൈന്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കരുത്. മുന്‍കൂട്ടിയുള്ള ഇഹ്തിറാസ് രജിസ്ട്രേഷനില്ലാതെ ഏതെങ്കിലും യാത്രക്കാരനെ ബോര്‍ഡ് ചെയ്താല്‍ വിമാനകമ്പനിക്ക് രണ്ടായിരം റിയാല്‍ പിഴ ചുമത്തും.
യാത്ര പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത കേന്ദ്രത്തില്‍ നിന്നും യാത്രയുടെ പരമാവധി 72 മണിക്കൂര്‍ മുമ്പെടുത്ത ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഓരോ യാത്രക്കാരനും നിര്‍ബന്ധമാണ്. ഇന്ത്യയടക്കമുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ സ്വന്തം ചിലവില്‍ ആര്.ടി.പി.സി. ആര് പരിശോധന നടത്തണം. 300 റിയാലാണ് ഇതിന് ചാര്‍ജ് ഈടാക്കുന്നത്. ഈ തുക കാശായോ കാര്‍ഡിലോ കരുതണം.