പുതിയ ന്യൂക്ലിയര്‍ മെഡിസിന് സേവനങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ചില്‍ ക്ലിനിക്കല്‍ ഇമേജിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പുതിയ ന്യൂക്ലിയര്‍ മെഡിസിന് സേവനങ്ങളുടെ ഒരു ശ്രേണി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു.
പുതിയ സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരം സൂക്ഷിക്കുന്നവയാണെന്നും രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയത്തിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. മികച്ച ക്ലിനിക്കല്‍ ഇമേജിംഗ് സേവനങ്ങള്‍ ചികില്‍സയുടെ സുപ്രധാന ഭാഗമാണ് .
പുതിയ സേവനങ്ങളില്‍ രണ്ടാമത്തെ പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി സ്കാനര്‍, രണ്ടാമത്തെ ഹൈബ്രിഡ് ഇമേജിംഗ് സ്കാനര്‍; പോസിട്രോണ്‍ എമിഷന്‍ മാമോഗ്രഫി ഇമേജിംഗ്; റേഡിയോ ഫാര്‍മസി ലബോറട്ടറി; ന്യൂക്ലിയര്‍ മെഡിസിന് തെറാപ്പി യൂണിറ്റ് മുതലായവയുള്പ്പെടുന്നതാണ് .
ഈ പുതിയ സേവനങ്ങളുടെ സമാരംഭം, അതിന്റെ സേവനങ്ങളുടെ ഗുണനിലവാരം തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് .