ഖത്തറില്‍ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുസൈല്‍ സ്പോര്‍ട്സ് കോംപ്ലക്സിന് സമീപമാണ്പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഈ വിശാലമായ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
പ്രതിദിനം അയ്യായിരം പേര്‍ക്കെങ്കിലും പി.സി.ആര്‍. പരിശോധന നടത്താമെന്നതും ഡ്രൈവ്-ത്രൂ സംവിധാനമായതിനാല്‍ കൂടുതല്‍ സുരക്ഷിതമാണെന്നതും ഈ കേന്ദ്രത്തെ സവിശേഷമാക്കും.
10 ലെയ്നുള്ള ഡ്രൈവ്-ത്രൂ സെന്ററിലേക്ക് വാഹനങ്ങളിലൂടെ മാത്രമേ പ്രവേശനമുള്ളൂ. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ടാക്‌സി സേവനം പ്രയോജനപ്പെടുത്താം. ഒരു കാറില്‍ പരമാവധി 4 പേരേ പാടുള്ളൂ
പുതിയ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റര്‍ ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 8 മുതല്‍ രാത്രി 10 വരെ തുറന്ന് പ്രവര്‍ത്തിക്കും. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശനം ദിവസവും രാത്രി 9 മണിക്കായിരിക്കും. യാത്രക്കാവശ്യമായ പിസിആര്‍ പരിശോധക്ക് 160 റിയാലാണ് ചാര്‍ജ്.
ഐ.ഡി. കാര്‍ഡ് , ഇഹ്തിറാസ് ആപ്പ് എന്നിവ നിര്‍ബന്ധമാണ്. കേന്ദ്രത്തിലെത്തുന്ന എല്ലാ സന്ദര്‍ശകരും മാസ്‌ക് ധരിക്കണം.