ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ന് പന്തുരുളാന്‍ ഇനി 300 ദിവസം മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന കാല്പന്തുകളിയുടെ ലോകോല്സവമായ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ന് പന്തുരുളാന്‍ ഇനി 300 ദിവസം മാത്രം. കായിക ലോകത്ത് ആവേശത്തിരകളുയര്‍ത്തി കൊച്ചുരാജ്യമായ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുവാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഇനി യോഗ്യത റൗണ്ടിന്റെ അവസാന മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഏപ്രില്‍ ഒന്നിനാണ് നറുക്കെടുപ്പ് .
പ്രതികൂലമായ സാഹചര്യങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച കോവിഡ് മഹാമാരി രണ്ടുവര്‍ഷത്തോളമായി ഭീഷണിയുയര്‍ത്തുമ്പോഴും തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കിയാണ് ലോകകായിക ഭൂപടത്തില്‍ ഖത്തര്‍ അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്.വേള്‍ഡ് കപ്പിന് വേണ്ട ലോകോത്തരങ്ങളായ സൗകര്യങ്ങളൊക്കെ ഒരു വര്‍ഷം മുമ്പ് തന്നെ പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ ലോകത്തിന്റെ വിശ്വാസവും അംഗീകാരവും നേടിയെടുത്തത്.
ജനുവരി 19 ന് ആദ്യ ഘട്ട ടിക്കറ്റ് വില്പന പ്രഖ്യാപിച്ചതു മുതല്‍ ലക്ഷക്കണക്കിനാളുകളാണ് നിത്യവും ഫിഫ ടിക്കറ്റിംഗ് സൈറ്റിലൂടെ ടിക്കറ്റിനായി അപേക്ഷിക്കുന്നത്. ഫെബ്രുവരി 8 വരെ നീളുന്നതാണ് ആദ്യഘട്ട ടിക്കറ്റ് അപേക്ഷ .
ഇതോടെ കായിക പ്രേമികളുടെ നെഞ്ചിടിപ്പുയരാന്‍ തുടങ്ങിയിരിക്കുകയാണ്. കോടിക്കണക്കിന് വരുന്ന ടിക്കറ്റ് അപേക്ഷകരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ . ഖത്തറില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി കാറ്റഗറി 4 റിസര്‍വ് ചെയ്തത് രാജ്യത്തെ കാല്‍പന്തുകളിയാരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് .
ലോക കപ്പിന്റെ കഴിഞ്ഞ 32 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.