ഫിഫ ലോക കപ്പ് ഖത്തര്‍ 2022 ആദ്യ ഘട്ടത്തില്‍ ടിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചത് 1.7 കോടി പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകരുടെ ആവേശമുയര്‍ത്തി ചരിത്രത്തിലാദ്യമായി അറബ് ലോകത്ത് നടക്കുന്ന ഫിഫ ലോക കപ്പ് ഖത്തര്‍ 2022 ക്കുളള ആദ്യ ഘട്ട ഘട്ടത്തില്‍ ടിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചത് 1.7 കോടി പേര്‍. ജനുവരി 19-ന് ആരംഭിച്ച് ഇന്ന് ദോഹ സമയം 13:00-ന് അവസാനിച്ച ഈ ആദ്യ വില്‍പ്പനക്ക് ലഭിച്ച വമ്പിച്ച പ്രതികരണം ഫിഫയേയും സംഘാടകരേയും ആവേശഭരിതരാക്കിയിരിക്കുകയാണ് .
വെറും 20 ദിവസം നീണ്ടുനിന്ന ആദ്യ വില്‍പ്പന കാലയളവില്‍ 17 ദശലക്ഷം ടിക്കറ്റ് അഭ്യര്‍ത്ഥനകള്‍ ലഭിച്ചത് ലോകമെമ്പാടുമുള്ള ആളുകള്‍ എന്തുമാത്രം ആവേശത്തോടെയാണ് ലോകകപ്പിനായി കാത്തിരിക്കുന്നതെന്നാണ് തെളിയിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ആതിഥേയ രാജ്യമായ ഖത്തറിന്‍ നിന്നുതന്നെയാണ്. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, മെക്‌സിക്കോ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുഎസ്എ തുടങ്ങിയ പ്രധാന വിപണികളില്‍ നിന്നും മികച്ച പ്രതികരണമാണുള്ളത്.
ഡിസംബര്‍ 18-ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍. ആ മത്സരത്തിന് മാത്രം 1.8 ദശലക്ഷം അപേക്ഷകള്‍ ലഭിച്ചു.
ടിക്കറ്റ് അപേക്ഷകളുടെ ഫലമറിയാന്‍ മാര്‍ച്ച് 8 വരെ കാത്തിരിക്കേണ്ടി വരും.