ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഇന്‍കാസ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഇന്‍കാസ് ഖത്തര്‍. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും, അവയവ ദാന റജിസ്ട്രേഷനും സംഘടിപ്പിച്ചാണ് മാതൃകയായത്.
സ്പോര്‍ട്സ് ഡേയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി, കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കായിക മത്സരങ്ങള്‍ മാറ്റി വെക്കുകയും, പകരം ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ ഡോണര്‍ ക്ഷാമം നേരിടുന്ന സാഹചര്യം മനസ്സിലാക്കികൊണ്ട് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പയിനുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇരുന്നൂറ്റി അമ്പതിലധികം പേര് രജിസ്റ്റര്‍ ചെയ്യുകയും, ഇരുനൂറിലധികം പേര് രക്തം നല്‍കുകയും ചെയ്ത കാമ്പയിന് സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി.
ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കന്മാരായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോക്ടര്‍ മോഹന്‍ തോമസ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് , ഐ സി സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്, ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, കെ.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ,ജൂട്ടാസ് പോള്‍, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഒ.ഐ.സി.സി ഗ്ലോബല്‍ നേതാക്കള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വിവിധ ജില്ലാ കമ്മിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.