43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളുമുള്ള പുതിയ വെബ്സൈറ്റുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: തൊഴിലാളി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന മാതൃകാപരമായ നടപളികളിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തര്‍ തൊഴില്‍ മന്ത്രാലയം 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളുമുള്ള പുതിയ വെബ്സൈറ്റുമായി രംഗത്ത്.
സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം തൊഴിലാളികളേയയും മന്ത്രാലയത്തേയും കൂടുതല്‍ അടുപ്പിക്കാനും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വേഗമേറിയതും നിരവധി പുതിയ ഫീച്ചറുകളും എളുപ്പമുള്ള നാവിഗേഷനുമുള്ള തികച്ചും പുതിയ വെബ്സൈറ്റാണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖ് അല്‍ മര്രി് ഉദ്ഘാടനം ചെയ്തു.
വെബ്സൈറ്റ് വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയുന്ന ചില പ്രധാന സേവനങ്ങള്‍ തൊഴില്‍ അനുമതി പരിഷ്ക്കരണ അഭ്യര്‍ത്ഥനകള്‍ക്കായുള്ള അന്വേഷണം, പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ മുതലായവയാണ്.ഖത്തറിലെ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
തൊഴില്‍ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും മനസ്സിലാക്കുവാന്‍ വെബ്സൈറ്റ് ഉപയോക്താവിനെ സഹായിക്കുന്നു. കൂടാതെ തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിയമങ്ങളും വ്യവസ്ഥകളും അപ്ഡേറ്റ് ചെയ്യുമെന്നതിനാല്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ പ്രയോജനകരമാകും.