ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു, 2022 ജൂണ്‍ മാസം ഖത്തറിലെത്തിയത് 145641 സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു. 2022 ജൂണ്‍ മാസം ഖത്തറിലെത്തിയത് 145641 സന്ദര്‍ശകര്‍. സന്ദര്‍ശകരുടെ വരവില്‍ ഖത്തര്‍ വളര്‍ച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വുണ്ടാക്കിയതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട വ്യക്തമാക്കുന്നു. 2021 ജൂണില്‍ കേവലം 24293 സന്ദര്‍ശകരാണ് ഖത്തറിലെത്തിയത്.
ആകെ എത്തിയവരില്‍ 88054 സന്ദര്‍ശകരും വിമാനങ്ങളില്‍ വന്നവരാണ്. കടല്‍ വഴി വന്ന സന്ദര്‍ശകരുടെ എണ്ണം 9566 ഉം കര വഴി വന്നവര്‍ 48021 ഉം ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. സന്ദര്‍ശകരില്‍ 41 ശതമാനവും ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. 59620 പേരാണ് ജൂണ്‍ മാസം ജി.സി..സി. രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിച്ചത്.
ഖത്തര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും ജി.സി.സി. രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ നിന്നും ഓഷ്യാനിയയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ജൂണ്‍ മാസം ഏറ്റവുമധികം ഖത്തറിലെത്തിയത്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, 33790 സന്ദര്‍ശകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു .
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 24502 സന്ദര്‍ശകര്‍ 2022 ജൂണ്‍ മാസം ഖത്തറിലെത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഈ കാലയളവില്‍
അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകര്‍ 15196 ആയിരുന്നു. അറബ് രാജ്യങ്ങളില്‍ നിന്നും 10134 പേര്‍ സന്ദര്‍ശകരായെത്തി.
മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 2399 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു