ഫിഫ 2022 ലോക കപ്പ് ഖത്തര്‍, 100 ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കാനിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ, 100 ദിവസത്തെ കൗണ്ട് ഡൗണ്‍ തുടങ്ങി . വിവിധ ഷോപ്പിംഗ് മോളുകളിലായി വിപുലമായ ആഘോഷങ്ങളോടെയാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകകപ്പ് 2022-ന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിന് തുടക്കം കുറിച്ചത്.
രസകരമായ ഗെയിമുകള്‍, ഷോകള്‍, പ്രകടനങ്ങള്‍ എന്നിവയോടൊപ്പം ആരാധകര്‍ക്ക് അവരുടെ ഫുട്ബോള്‍ കഴിവുകള്‍ പരീക്ഷിക്കുന്നതിനുള്ള അവസരവും നല്‍കുന്നു.
ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ആഗസ്റ്റ് 11 മുതല്‍ 13 വരെ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെയും, പ്ലേസ് വെന്‍ഡോമില്‍ അതേ ദിവസങ്ങളില്‍ ഉച്ച മുതല്‍ രാത്രി 10 മണി വരെയുമായിരിക്കും പരിപാടികള്‍. അതേസമയം, മാള്‍ ഓഫ് ഖത്തര്‍ ആഗസ്റ്റ് 12, 13 തീയതികളില്‍ ഉച്ച മുതല്‍ രാത്രി 10 വരെ ആഘോഷങ്ങള്‍ സംഘടിപ്പിക്കും, അതില്‍ അവസാന ദിനം 100 ഡേയ്‌സ് ടു ഗോ ഗ്രാന്‍ഡ് ഫിനാലെയും ഉള്‍പ്പെടുന്നു.
ഫുട്‌ബോള്‍ ആരാധകര്‍ക്ക് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് ടിക്കറ്റ് സമ്മാനമായി നേടാനുള്ള അവസരമൊരുക്കുന്നുവെന്നതാണ് ആഘോഷത്തിന്റെ പ്രത്യേകത.
#100DaysToGo എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലേക്ക് അപ്ലോഡ് ചെയ്ത് ആഘോഷിക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ആരാധകരോട് അഭ്യര്‍ത്ഥിച്ചു.