യൂത്ത് ഫോറം ഫാന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഫാര്‍മകെയര്‍ എഫ്. സി. ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്ത് കളിയുടെ വിശ്വമേളക്ക് കാത്തിരിക്കുന്ന ഖത്തറിലെ ഫുട്ബോള്‍ ആരവങ്ങള്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് ഫോറം സംഘടിപ്പിച്ച സ്പീഡ് ലൈന്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഓര്‍ബിറ്റ് എഫ്.സി. യെ 2-1 ന് പരാജയപ്പെടുത്തി ഫാര്‍മകെയര്‍ എഫ്. സി. കിരീടം നേടി. ഖത്തര്‍ സി.എന്‍.എ.ക്യൂ ഗ്രൗണ്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ടൂര്‍ണമെന്റില്‍ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ ഫാന്‍ടീമുകളും വിവിധ പ്രാദേശിക ഫുട്ബോള്‍ ക്ലബ്ബുകളില്‍ നിന്നുമായി 32 ടീമുകളാണ് മാറ്റുരച്ചത്.
വ്യാഴാഴ്ച നടന്ന പ്രാഥമിക മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടിയ 16 ടീമുകളാണ് വെള്ളിയാഴ്ച നടന്ന കോര്‍ട്ടര്‍, ഫൈനല്‍ മത്സരങ്ങളില്‍ കളിക്കാനിറങ്ങിയത്. യൂത്ത് ഫോറം ഭാരവാഹികളും ടൂര്‍ണമെന്റ് സംഘാടക സമിതിയും കളിക്കാരെ പരിചയപ്പെട്ടു. ഖത്തറിലെ സര്‍ട്ടിഫൈഡ് റഫറിമാരാണ് കളി നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച നടന്ന ആവേശപ്പോരാട്ടത്തില്‍ 1-1 ന് തുല്യത നേടിയ ആദ്യ പകുതിക്ക് ശേഷം ഫാര്‍മകെയര്‍ താരം സജാദിന്റെ ത്രോയിലൂടെ പിറന്ന സെല്‍ഫ് ഗോളിലൂടെയാണ് ഫാര്‍മകെയര്‍ വിജയമുറപ്പിച്ചത്. കളിയിലെ മികച്ച ഗോള്‍കീപ്പറായി ഫാര്‍മകെയറിന്റെ അനസിനെ തിരഞ്ഞെടുത്തു. ഓര്‍ബിറ്റ് എഫ്.സി. യുടെ കണ്ണനാണ് ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോളുകള്‍ നേടിയത്. കളിയിലെ മികച്ച കളിക്കാരനുള്ള സമ്മാനത്തിന് ഓര്‍ബിറ്റ് എഫ്.സി. യുടെ പ്രിന്‍സ് അര്‍ഹനായി.
സി.എന്‍.എ.ക്യൂ. ഗ്രൗണ്ടില്‍ നടന്ന സമാപന ചടങ്ങില്‍ ഖത്തര്‍ ദേശീയ ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ അലി ഫുആദ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ലോകകപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫാന്‍ലീഡര്‍ സഫീര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ജേതാക്കള്‍ക്കുള്ള ട്രോഫിയും മറ്റ് ഉപഹാരങ്ങളും വിതരണം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് എസ്. എസ്. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസ്ലം ഈരാറ്റുപേട്ട, അസ്ലം എം ഐ, ഭാരവാഹികളായ ഹബീബ് റഹ്‌മാന്‍, സുഹൈല്‍, അഹ്‌മദ്, ആദില്‍, സല്‍മാന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പിനെ സ്വാഗതം ചെയ്ത് കൊണ്ട് വ്യത്യസ്തങ്ങളായ കായിക പരിപാടികള്‍ വരുന്ന ആഴ്ചകളിലും സംഘടിപ്പിക്കുമെന്ന് ടൂര്‍ണമെന്റ് സംഘാടക സമിതി അംഗങ്ങളായ മുഫീദ്, മുഅ്മിന്‍, ഷഫീഖലി, ഷഹനാസ് തുടങ്ങിയവര്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ ഭാഗമായ മുഴുവന്‍ സ്‌പോണ്‍സര്‍മാര്‍ക്കും കളി വീക്ഷിക്കാന്‍ എത്തിച്ചേര്‍ കായിക പ്രേമികള്‍ക്കും സംഘാടക സമിതി നന്ദി അറിയിച്ചു. യൂത്ത് ഫോറം ഖത്തറില്‍ പ്രവര്‍ത്തനമാരംഭിച്ച് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വേളയില്‍ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഫാന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.