സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വര്‍ണ്ണാഭമായ മീന ഡിസ്ട്രിക്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വര്‍ണ്ണാഭമായ കേന്ദ്രമായി പഴയ പോര്‍ട്ടും പരിസരവും ഉള്‍കൊള്ളുന്ന മീന ഡിസ്ട്രിക്ട് മാറുന്നു. ലോകകപ്പ് മത്സരങ്ങള്‍ കാണാനും ചുറ്റിക്കറങ്ങാനും കഴിയുന്ന വിവിധ മേഖലകളില്‍ ഒന്നായി മാറിയ ഓള്‍ഡ് ദോഹ തുറമുഖത്തുള്ള മീന ഡിസ്ട്രിക്ടില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് വൈകുന്നേരങ്ങളില്‍ തടിച്ചുകൂടുന്നത്.
കടലും കരയും ചേരുന്ന മനോഹരമായ പ്രദേശത്തെ കെട്ടിടങ്ങളും തോരണങ്ങളും ദീപാലങ്കാരങ്ങളുമൊക്കെയൊരുക്കുന്ന മനോഹരമായ പശ്ചാത്തലത്തില്‍ സമയം ചിലവഴിക്കുന്നതിനായി ഇവിടെയെത്തുന്നവര്‍ക്ക് ഫുട്ബോള്‍ ആരാധകര്‍ക്ക് താമസമൊരുക്കുന്നതിനായെത്തിയ എംഎസ്സി വേള്‍ഡ് യൂറോപ്പ പോലുള്ള ക്രൂയിസുകളും കാണാനാകും.
വര്‍ണ്ണാഭമായ കെട്ടിടങ്ങള്‍ക്ക് പുറമേ വൈവിധ്യമാര്‍ന്ന ഭക്ഷണ-പാനീയ സ്ഥാപനങ്ങള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ഫാര്‍മസികള്‍ എന്നിവയും മീന ഡിസ്ട്രിക്കിനെ സവിശേഷമാക്കുന്നു. 50-ലധികം കഫേകളും റെസ്റ്റോറന്റുകളും, 100 ഷോപ്പുകളും, 150 ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളും ഈ മേഖലയിലുണ്ട്.