ഖത്തറിന്റെ സമുദ്രത്തില്‍ ചുവന്ന അടയാളങ്ങള്‍ : പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണം തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ സമുദ്രത്തില്‍ ചുവന്ന അടയാളങ്ങള്‍ കണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഏജന്‍സികള്‍ അതിവേഗം പ്രതികരിക്കുകയും സാമ്പിളുകള്‍ നിരീക്ഷിക്കാനും ശേഖരിക്കാനും സ്ഥലം പരിശോധിക്കാനും അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണവുമായി ഒരു പ്രത്യേക ടീമിനെ അടിയന്തരമായി രൂപീകരിച്ചു.
ഖത്തറിന്റെ സമുദ്ര ജലത്തില്‍ വ്യാവസായിക മലിനീകരണം ഇല്ലെന്നും ചുവന്ന പൊട്ടുകള്‍ ചിലതരം പ്ലവകങ്ങളുടെയും ആല്‍ഗകളുടെയും പൂക്കളാല്‍ ഉണ്ടാകുന്ന ‘റെഡ് ടൈഡ്’ എന്നറിയപ്പെടുന്ന ഒരു പാരിസ്ഥിതിക പ്രതിഭാസമാണെന്നും പരിസ്ഥിതി നിരീക്ഷണ, പരിശോധന വകുപ്പിന്റെ ലബോറട്ടറികളില്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ക്വാളിറ്റി ടീം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.